കടയ്ക്കാവൂർ: കൊവിഡ് കാലത്ത് സഹായഹസ്തവുമായി കടയ്ക്കാവൂർ കൂട്ടുകാർ എന്ന ഫേസ്ബുക്ക് വാട്സ്ആപ്പ് കൂട്ടായ്മ. ലോക്ക് ഡൗണിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകളും​ മരുന്നുകളും എത്തിക്കുന്നതോടൊപ്പം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും പൊതിച്ചോർ വിതരണവും ഈ കൂട്ടായ്മ മുടങ്ങാതെ നടത്തുന്നുണ്ട്. ശാർക്കര ദേവീ ക്ഷേത്ര പരിസരത്ത് ഭക്ഷണം ലഭിക്കാതെ അലഞ്ഞുതിരിയുന്ന നാല്പതോളം വയോധികർക്കും ഇവർ ഭക്ഷണം എത്തിച്ച് നൽകി. ദിവസേന നൂറോളം പൊതിച്ചോറുകളാണ് കടയ്ക്കാവൂർ കൂട്ടുകാർ വിതരണം ചെയ്യുന്നത്. ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾ ഇനിയും കൂട്ടായ്മയിൽ നിന്നുണ്ടാകുമെന്ന് അംഗങ്ങളായ ഗിരിലാൽ കടയ്ക്കാവൂരും ഉദയ് ഭാസ്കറും അറിയിച്ചു.