italy

റോം : കൊവിഡ് നൽകിയ പ്രഹരത്തിൽ നിന്നും കരകയറാനായി നിയന്ത്രണങ്ങളിൽ കൂടുതൽ അയവുകൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ. ഇറ്റലി, സ്പെയിൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. ഇറ്റലിയിൽ ബാർ, റെസ്റ്റോറന്റ് തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. സ്പെയിനിൽ ഇനി മുതൽ 10 പേർക്ക് ഒത്തുചേരുന്നതിന് തടസമില്ല. ദിനംപ്രതിയുള്ള മരണ നിരക്ക് ഗണ്യമായി കുറഞ്ഞതോടെയാണ് സ്പെയിനും ഇറ്റലിയും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറ്റലിയിൽ കഴി‌ഞ്ഞ 24 മണിക്കൂറിനിടെ 145 പേരാണ് മരിച്ചത്. മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറ്റലിയിൽ മരണ നിരക്ക് ഇത്രയും താഴുന്നത്. സ്പെയിനിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 87 മരണങ്ങളാണ്. എന്നാൽ ഇറ്റലിയിലും സ്പെയിനിലും കൊവിഡിന്റെ ഒരു രണ്ടാം വരവ് ഉണ്ടായേക്കാമെന്ന് അധികൃതർ പറയുന്നു.

ഇറ്റലിയിലെ എല്ലാ കടകളും ഒപ്പം കഫേ, റെസ്റ്റോറന്റ്, ബാർ, ഹെയർസലൂൺ എന്നിവയും ഇനി മുതൽ തുറക്കാം. എന്നാൽ ഇവിടെ എല്ലായിടത്തും സാമൂഹ്യ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ചർച്ചുകളിൽ കുർബാന നടത്താനും അനുമതി നൽകി. വിശ്വാസികൾക്ക് മാസ്ക് നിർബന്ധമാണ്.

സ്പെയിനിൽ നാല് ഘട്ടമായാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത്. എന്നാൽ ഓരോ മേഖലയിലും ഇളവുകൾ കൊവിഡിന്റെ തീവ്രത അനുസരിച്ചാണ്. ഓരോ ഘട്ടം അവസാനിക്കുന്നതും ഓരോ പ്രദേശത്തും വ്യത്യസ്തമായാണ്. ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ ഒന്നാം ഘട്ടത്തിലാണ്. പത്തോളം പേരുടെ ഒത്തുകൂടലിന് ഇപ്പോൾ വിലക്കില്ല. ഔട്ട് ഡോർ ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പകുതി പേരെ മാത്രം ഉൾക്കൊള്ളിച്ച് തുറന്ന് പ്രവർത്തിക്കാം. മ്യൂസിയം, തിയേറ്ററുകൾ എന്നിവിടങ്ങളിലും വളരെ കുറച്ച് പേരെ മാത്രം പ്രവേശിപ്പിച്ച് കൊണ്ട് പ്രവർത്തനം ആരംഭിക്കാം. കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലാത്ത ചില സ്പാനിഷി ദ്വീപുകൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇവിടെ 15 പേർക്ക് ഒത്തുകൂടാം. ചില പ്രദേശങ്ങളിൽ ഷോപ്പിംഗ് മാളുകൾ തുറക്കാനും അനുമതി നൽകി.

അതേ സമയം, ബാഴ്സലോണ, മാഡ്രിഡ് തുടങ്ങി സ്പെയിനിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകൾ ഇപ്പോഴും ഒന്നാം ഘട്ടത്തിലേക്ക് പോലും കടന്നിട്ടില്ല. ഇവിടെ ഇപ്പോൾ ' ഫേസ് 0 ' ആണ്. കടുത്ത നിയന്ത്രണങ്ങൾ ഈ പ്രദേശങ്ങളിൽ തുടരുകയാണ്. കാര്യമായ ഇളവുകൾ നൽകിയിട്ടില്ല. എന്നാൽ ചില വ്യാപാര സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ തുറക്കാം. മരണാനന്തര ചടങ്ങുകളിൽ പത്തോളം പേർക്ക് പങ്കെടുക്കാനും അനുമതി നൽകി. നേരിയ ഇളവുകൾ ലഭിച്ച പ്രദേശങ്ങളെ ' ഫേസ് 0.5 ' എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ്. ഒന്നാം ഘട്ട ഇളവുകൾ ലഭിക്കാൻ ഇവിടുത്തെ ജനങ്ങൾ ഇനിയും കാത്തിരിക്കണം. രോഗ വ്യാപന തോത് സ്പെയിനിൽ കുറഞ്ഞെങ്കിലും വീണ്ടുമൊരു ക്ലസ്റ്റർ രൂപപ്പെട്ടേക്കാമെന്ന ആശങ്കയുണ്ട്.

കർശന നിയന്ത്രണങ്ങളോടെ ബെൽജിയത്തിൽ പ്രൈമറി, സെക്കന്ററി സ്കൂളുകൾ വീണ്ടും തുറന്നിട്ടുണ്ട്. മ്യൂസിയം, മൃഗശാല എന്നിവിടങ്ങൾ ഓൺലൈൻ ബുക്കിംഗ് സംവിധാനത്തോടെ മാത്രം തുറന്നു. ഗ്രീസിൽ പ്രസിദ്ധമായ അക്രോപൊലീസ് സഞ്ചാരികൾക്കായി തുറന്നു. സെക്കന്ററി സ്കൂളുകളുടെയും പ്രവർത്തനം ആരംഭിച്ചു. പോർച്ചുഗലിൽ വളരെ കുറച്ച് ഉപഭോക്താക്കളെ മാത്രം പ്രവേശിപ്പിച്ചു കൊണ്ട് റെസ്റ്റോറന്റ്, കഫേ, പേസ്ട്രി ഷോപ്പുകൾ എന്നിവ തുറന്നു. പോളണ്ടിൽ ഹെയർ സലൂൺ, ബ്യൂട്ടി പാർലർ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.