hotel

തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാം ഘട്ടത്തിലേക്ക് കടന്നിട്ടും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഹോട്ടലുടമകൾ സർക്കാരിനെ സമീപിച്ചു. നിലവിൽ പാഴ്സൽ നൽകാൻ മാത്രമായി തുറക്കുന്ന ഹോട്ടലുകൾ ഇരുന്ന് കഴിക്കാനും അനുമതി നൽകണം എന്ന് ആവശ്യപ്പെട്ടാണ് ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷൻ സ‍ർക്കാരിനെ സമീപിച്ചത്.

സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കണം എന്നാണ് ഹോട്ടലുടമകളുടെ ആവശ്യം. പാഴ്സൽ സ‍ർവ്വീസ് നടത്താനും ഓൺലൈനായി ഓർഡർ സ്വീകരിച്ച് ഭക്ഷണം വിതരണം ചെയ്യാനുമാണ് നിലവിൽ ഹോട്ടലുകൾക്ക് സ‍ർക്കാ‍ർ അനുമതി നൽകിയിരിക്കുന്നത്.

എന്നാൽ ഓൺലൈൻ ഭക്ഷണവ്യാപാരം സാ​ധാരണ ഹോട്ടലുകൾക്ക് യോജിച്ചതല്ലെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. വളരെ ചുരുക്കം ഹോട്ടലുകൾ മാത്രമാണ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രവ‍ർത്തിക്കുന്നത്. ചെറുകിട ഹോട്ടലുകളെല്ലാം ഒന്നരമാസത്തോളമായി അടച്ചു പൂട്ടി കിടക്കുകയാണെന്ന കാര്യവും ഹോട്ടലുടമകൾ ശ്രദ്ധയിൽപ്പെടുത്തുന്നു.