വർക്കല: കൊവിഡ് നിയന്ത്രണത്തോടൊപ്പം ഡെങ്കിപ്പനി നിയന്ത്രണത്തിനും അതീവ ജാഗ്രത പുലർത്തി ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രവും ഗ്രാമപഞ്ചായത്തും. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തോടനുബന്ധിച്ച് ചെമ്മരുതി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് ഊർജിത കൊതുക് നിർമാർജന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
എല്ലാ ഞായറാഴ്ചകളിലും ഉറവിട നശീകരണ ദിനം ആചരിക്കാൻ വീട്ടുകാർക്ക് വേണ്ട അറിവു നൽകും. അങ്കണവാടികൾ കേന്ദ്രീകരിച്ചും റസിഡന്റ്സ് അസോസിയേഷൻ വഴിയും വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ കൊവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു തന്നെ സംഘടിപ്പിക്കും. റബർ തോട്ടത്തിൽ ചിരട്ടകൾ കമിഴ്ത്തിവയ്ക്കാത്ത തോട്ടമുടമകൾക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് കർശനമായ നിയമ നടപടികൾ കൈക്കൊള്ളാനും തീരുമാനമായി.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാരും ആഴ്ചയിലൊരിക്കൽ വിവിധ പ്രദേശങ്ങളിൽ കൊതുകിന്റെ സാന്ദ്രതാ പഠനം നടത്തി ഹോട്ട്സ്പോട്ടുകൾ കണ്ടെത്തും. അവിടെ രാസ-ജൈവിക കൊതുകു നശീകരണ പ്രവർത്തനങ്ങൾ നടത്തി സാന്ദ്രത കുറയ്ക്കും. രോഗനിർണയത്തിനുള്ള കാർഡ് ടെസ്റ്റുകൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ തന്നെ ചെയ്യാവുന്നതാണ്. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാനം ചെയ്ത് നടപ്പിലാക്കി വരുന്ന രോഗപ്രതിരോധ നടപടികളിൽ പങ്കാളികളാകാൻ എല്ലാ സാമൂഹ്യ സന്നദ്ധ സംഘടനകളും യുവജന പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അഭ്യർത്ഥിച്ചു.
വീടുകൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണം
പഞ്ചായത്തിലെ ഒമ്പതിനായിരത്തിൽപരം വീടുകളിൽ ആശാവർക്കർമാരും ആരോഗ്യവോളണ്ടിയർമാരും
ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ1 പനി എന്നീ രോഗങ്ങളുടെ നിർണയത്തിനും ചികിത്സക്കുമുളള എല്ലാ സൗകര്യങ്ങളും കുടുംബാരോഗ്യകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ഓരോ വാർഡുകളിലേയും രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല അതതു വാർഡുകളിലെ ശുചിത്വ പോഷകാഹാര സമിതികൾക്ക്
തുടർപ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ എല്ലാ വാർഡുകളിലും രൂപീകരിച്ചിട്ടുണ്ട്
ഇടവിട്ട് പെയ്യുന്ന വേനൽ മഴ ഈഡിസ് കൊതുകുകളുടെ പ്രജനനം കൂട്ടാനിടയുണ്ട്. അതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ഊർജ്ജിതപ്പെടുത്താൻ തീരുമാനിച്ചു. ഭൂരിഭാഗം വാർഡുകളിലേയും ഓടകൾ ഇതിനോടകം തന്നെ ശുചീകരിച്ച് കഴിഞ്ഞു. പരിശീലനം സിദ്ധിച്ച ആശാപ്രവർത്തകരും ആരോഗ്യവോളണ്ടിയർമാരും പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിച്ച് പ്രവർത്തനം നടത്തും.
എ.എച്ച്. സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
ഡോ. അൻവർ അബ്ബാസ്, മെഡിക്കൽ ഓഫീസർ
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ 150 - 200 മീറ്ററുകൾക്കപ്പുറം പറക്കാറില്ല. അതിനാൽ ഓരോ വീട്ടുകാരും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ ഡെങ്കിപ്പനി ബാധിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
കെ.ആർ. ഗോപകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ
പരത്തുന്നത് - ഈഡിസ് കൊതുകുകൾ
ഡെങ്കിപ്പനി ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി
അസഹ്യമായ തലവേദന
നേത്രഗോളങ്ങളുടെ പിന്നിലെ വേദന
സന്ധികളിലും മാംസപേശികളിലും വേദന
മനംപുരട്ടലും ഛർദിയും
ബ്ലീഡിംഗ്