sslc-valuation

തിരുവനന്തപുരം: ഇന്നലെ തുടങ്ങിയ എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനിർണയ ക്യാമ്പുകളിലെത്തിയത് 46.6 ശതമാനം അദ്ധ്യാപകർ മാത്രം. ഗണിതം, ഫിസിക്സ്, കെമിസ്ട്രി, അറബി, ഉറുദു, സംസ്‌കൃതം ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിർണയമാണ് നടക്കുന്നത്.

ഏറ്റവും കുറവ് അദ്ധ്യാപകർ ഹാജരായത് ഹോട്ട് സ്പോട്ട് പ്രദേശങ്ങൾ കൂടുതലുള്ള വയനാട്, കണ്ണൂർ ജില്ലകളിലാണ്. വയനാട്ടിൽ 22 ഉം കണ്ണൂരിൽ 24ഉം ശതമാനവുമാണ് ഹാജർനില. പാലക്കാട് ചിറ്റൂ‌ർ ഗവ.ഹൈസ്കൂളിലാണ് ഏറ്റവും കൂടുതൽ അദ്ധ്യാപകരെത്തിയത്. 86 ശതമാനം. സംസ്ഥാനത്തൊട്ടാകെ ആറായിരത്തോളം അദ്ധ്യാപകർ പങ്കെടുക്കേണ്ടിയിരുന്ന മൂല്യനിർണയത്തിന് 2800ഓളം അദ്ധ്യാപകരാണ് പങ്കെടുത്തത്.

കൊല്ലം,​ പാരിപ്പള്ളി ഹോട്ട് സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ അമൃത സ്കൂളിലെ ക്യാമ്പ് ഒഴിവാക്കിയിരുന്നു.

പൊതുഗതാഗതമില്ലാത്തതിനാൽ ക്യാമ്പുകളിലെത്താൻ അദ്ധ്യാപകരെ നിർബന്ധിക്കേണ്ടെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.