തിരുവനന്തപുരം: ആരോഗ്യരംഗത്തെ പുരോഗതി കമ്മ്യൂണിസ്റ്റുകാരുടെ മാത്രം സംഭാവനയാണെന്ന പിണറായി ഭക്തരുടെ വാഴ്ത്തിപ്പാടലിന് ചരിത്രത്തിന്റെ പിന്തുണയില്ലെന്നും അത് സ്തുതിഗീതം മാത്രമാണെന്നും കെ.പി.സി.സി ജനറൽസെക്രട്ടറി മണക്കാട് സുരേഷിന്റെ ഫേസ് ബുക് പോസ്റ്റ്. എ.കെ. ആന്റണിയെ ഇകഴ്ത്താനും അപമാനിക്കാനുമുള്ള ശ്രമങ്ങളെ പൊതുസമൂഹം അവജ്ഞയോടെ തിരസ്കരിക്കും. ആന്റണി പൊതുജീവിതം കൊണ്ട് കാട്ടിത്തന്ന ഉദാഹരണങ്ങളൊക്കെ തന്നെയാണ് അദ്ദേഹത്തെ ആക്രമിക്കുന്നവർക്കുള്ള മറുപടിയെന്നും മണക്കാട് സുരേഷ് കുറിച്ചു.

കേരളത്തിന്റെ ആരോഗ്യമേഖലയിൽ തിരുവിതാംകൂർ രാജകുടുംബം വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം പ്രവർത്തകർ വ്യാപകമായ സൈബർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം പോസ്റ്റിട്ടത്.

തിരുവിതാംകൂർ രാജകുടുംബം ആരോഗ്യ മേഖലയിൽ വലിയ സംഭാവനകൾ നൽകിയെന്ന് ആന്റണി പറഞ്ഞതിന് ചരിത്രത്തിന്റെ പിൻബലമുണ്ട്. 1878ൽ ആയില്യം തിരുനാൾ മഹാരാജാവ് വസൂരിക്കെതിരെ വാക്സിൻ പ്രയോഗത്തിന് ജനങ്ങൾ തയ്യാറാകണമെന്ന് കാട്ടി പുറപ്പെടുവിച്ച 231ാംനമ്പർ വിളംബരം ചരിത്രരേഖയാണ്. അത് നിഷേധിക്കാനാവാത്തതാണ്. അത് ചൂണ്ടിക്കാണിച്ച ആന്റണിയെ രാജഭക്തനാക്കാനുള്ള സൈബർ സഖാക്കളുടെ വികൃത മനസിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.