തിരുവനന്തപുരം: ദുബായിൽ ജോലി തേടി പോയി ലോക്ക് ഡൗണിൽ അകപ്പെട്ട മലയാളി വിദ്യാർത്ഥിക്ക് സഹായവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരു മാസക്കാലമായി ആഹാരമോ കുടിവെള്ളമോ ഇല്ലാതെ നാട്ടിൽ എങ്ങനെ തിരിച്ചെത്തണം എന്നറിയാതെ പകച്ചു നിന്ന അഖിലയ്ക്ക് മുന്നിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിൽ വഴി ഉമ്മൻ ചാണ്ടിയുടെ സഹായം എത്തിയത്. ഉമ്മൻചാണ്ടിയുടെ ഇടപെടൽ വഴി ടിക്കറ്റ് ലഭിച്ച അഖില ഇന്നലെ നെടുമ്പാശേരിയിൽ വിമാനമിറങ്ങി.
ദുബായിൽ അകപ്പെട്ട അഖില പഠിക്കുന്ന സമയത്ത് ക്യാമ്പസ് രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരു സുഹൃത്തിനെയാണ് ആദ്യം വാട്‌സാപ്പ് വഴി വിളിച്ചത്. ആ സുഹൃത്ത് അഖിലിനോട് കാര്യം അറിയിച്ചു തുടർന്ന് അഖിൽ ഉമ്മൻചാണ്ടിയുടെ അടുത്ത് അഖിലയുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ഇങ്ങനെ ഒരു തിരിച്ചുവരവ് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. താമസിച്ചിരുന്ന പ്രദേശം രോഗവ്യാപനം സംഭവിച്ചു തുടങ്ങിയിരുന്നുവെന്നും ഏറെ ഭയപ്പെട്ടിരുന്നുവെന്നും അഖില പറയുന്നു. ഇത്തരത്തിൽ ഒരു സഹായം ഒരിക്കലും മറക്കാൻ കഴിയില്ല എന്നും അഖില പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയോടും അഖിലിനോടുമുള്ള നന്ദി പറഞ്ഞ് അറിയിക്കുവാൻ കഴിയാത്തതാണെന്നും ക്യാമ്പസ് സൗഹൃദങ്ങളുടെ വിജയമാണിതെന്നും അഖില പറയുന്നു.