കല്ലമ്പലം: ദേശീയപാതയിലെ ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തുള്ള താത്കാലിക ചെക്ക്പോസ്റ്റിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള വാൻ ഇടിച്ചുകയറി. ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ താത്കാലിക ഷെഡിനും പൊലീസ് ജീപ്പിനും കേടുപാടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ 2.30നായിരുന്നു സംഭവം. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 24 മണിക്കൂറും വാഹന പരിശോധന നടത്തുന്നതിനായി സ്ഥാപിച്ച ചെക്ക് പോസ്റ്റിലാണ് വാൻ ഇടിച്ചുകയറിയത്. തമിഴ്നാട്ടിൽ നിന്നും കവടിയാറിലേക്ക് പച്ചക്കറിയുമായി എത്തിയ വാനാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കടയ്‌ക്കാവൂർ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ത്രിദീപ്കുമാർ, രാധാകൃഷ്ണൻ എന്നിവരുമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. പൊലീസ് ജീപ്പിനുണ്ടായ കേടുപാട് പരിഹരിക്കാനുള്ള തുക നൽകാമെന്ന ഉറപ്പിൽ വാഹന ഉടമയെ കേസെടുക്കാതെ വിട്ടയച്ചു.