തിരുവനന്തപുരം: മേനംകുളത്ത് മെഡിക്കൽ സ്റ്റോർ ഉടമയെ മർദ്ദിച്ച സംഭവത്തിൽ കഴക്കൂട്ടം എസ്.ഐ സന്തോഷ് കുമാറിനെ സ്ഥലം മാറ്റി. തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് സ്ഥലം മാറ്റം. ഇന്നലെ രാത്രി മേനംകുളത്തെ മെഡിക്കൽ സ്റ്റോർ ഉടമ ശ്രീലാലിനെ മർദ്ദിച്ച സംഭവത്തിലാണ് നടപടി. മെഡിക്കൽ സ്‌റ്റോറിൽ മരുന്ന് എടുത്ത് കൊടുത്തുകൊണ്ടിരുന്ന ശ്രീലാലിനെ ദേഹത്ത് പിടിച്ച് വലിക്കുകയും ബലം പ്രയോഗിച്ച് കടയ്ക്ക് പുറത്തിറക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.
രാത്രി പ്രവർത്തനസമയം കഴിഞ്ഞെന്നും കട അടയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബലപ്രയോഗമെന്ന് കടയുടമ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. മറ്റുള്ളവർ നോക്കി നിൽക്കെ അസഭ്യം പറഞ്ഞതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ മാസ്‌ക് ധരിക്കാത്തതിന് താക്കീത് ചെയ്തതാണെന്നായിരുന്നു എസ്.ഐയുടെ വിശദീകരണം.കടയിലെ സി.സി ടിവി ദൃശ്യങ്ങളിൽ എസ്.ഐയുടെ ബലപ്രയോഗവും നടപടികളും വ്യക്തമായിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോയും കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു.
പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയത്. മെഡിക്കൽ സ്റ്റോർ ഉടമയെ മർദ്ദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മേനം കുളത്തെ വ്യാപാരികളും മെഡിക്കൽഷോപ്പുടമകളുടെ സംഘടനയും രംഗത്ത് വന്നിരുന്നു.രണ്ട് ദിവസം മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിലും എസ്.ഐയ്ക്കെതിരെ പരാതി ഉയർന്നിരുന്നു.