# ഇരുവരും അറസ്റ്റിൽ
നാഗർകോവിൽ: ജനിച്ച് നാലു ദിവസമായ പെൺകുഞ്ഞിനെ പിതാവും മുത്തശ്ശിയും ചേർന്ന് കൊന്ന് കുഴിച്ചുമൂടി.
മധുര സൊഴവന്താൻ പൂമേട് തെരുവ് സ്വദേശി ചിത്രയ്ക്ക് നാലാമതും പെൺകുഞ്ഞ് പിറന്നതോടെയാണ് ഭർത്താവ് ദൈവമണിയും ഭർതൃമാതാവ് പാണ്ടിയമ്മാളും ചേർന്ന് ഈ ക്രൂരകൃതം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ അമ്മ അടുത്തില്ലാത്ത നേരത്ത് എരിക്കിൻ പാൽ കൊടുത്താണ് കൊലപ്പെടുത്തിയത്. രോഗം ബാധിച്ച് മരിച്ചെന്ന് നാട്ടുകാരോട് പറഞ്ഞു.വീടിന്റെ അടുത്ത് കുഴിച്ചിട്ടു.
ധൃതിപിടിച്ച് മൃതദേഹം മറവുചെയ്തതിൽ സംശയം തോന്നിയ പ്രദേശവാസികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
രണ്ടുമാസത്തിനുള്ളിൽ തമിഴ്നാട്ടിൽ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത്.
|