sss

നെയ്യാറ്റിൻകര: കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിലുള്ള ലക്ഷങ്ങളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഊരുട്ടുകാലയിലെ ഭൂമിയിൽ നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തുക,​ തൊഴിലുറപ്പ് ജോലികൾ പുനഃസ്ഥാപിക്കുക,​ തൊഴിലാളികൾക്ക് 25 ദിവസത്തെ വേതനം മുൻകൂർ നൽകുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചുമായിരുന്നു പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാരായ ലളിത ടീച്ചർ,​ ഗ്രാമം പ്രവീൺ, എൽ.എസ്. ഷീല, എ. സലിം,​ സുകുമാരി, അജിത എന്നിവരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഇന്നലെ രാവിലെ നഗരസഭാ ഓഫീസ് ഉപരോധിച്ചത്. വനിതാ കൗൺസിലർമാരെ വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റുചെയ്‌ത് നീക്കാനുള്ള എസ്.ഐ സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ശ്രമം പ്രവർത്തകർ തടഞ്ഞു. തുടർന്നാണ് സംഘർഷമുണ്ടായത്. പിന്നീട് വനിതാ പൊലീസ് ഉൾപ്പെടെ വൻ പൊലീസ് സംഘമെത്തി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജോസ് ഫ്രാങ്ക്ളിൻ,​ നിനോ അലക്‌സ്,​ സുബാഷ്,​ പത്മകുമാർ,​ പ്രതാപ് സെൽവരാജ്,​ അമരവിള സുദേവകുമാർ,​ സന്തോഷ് തുടങ്ങിയവർ സ്ഥലത്തെത്തി.