നാഗർകോവിൽ: കൊവിഡിനൊപ്പം ജീവിച്ചുതുടങ്ങുക എന്ന ആശയമനുസരിച്ച് തമിഴ്‌നാട്ടിൽ സർക്കാർ സ്ഥാപനങ്ങൾ ഇന്നലെ മുതൽ 50 ശതമാനം ജീവനക്കാർ - ആഴ്ചയിൽ 6 ദിവസം എന്ന രീതിയിൽ പ്രവർത്തിച്ച് തുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഡ്യൂട്ടിക്ക് വരുന്ന ആദ്യ ബാച്ച് ജീവനക്കാർ പിന്നെ വരേണ്ടത് വെള്ളി, ശനി ദിവസങ്ങളിലാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ എത്തുന്ന രണ്ടാമത്തെ ബാച്ചിലുള്ളവർ പിന്നെ വരേണ്ടത് അടുത്ത തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്. ഗ്രൂപ്പ് എ ഗ്രേഡിൽ ഉള്ള ഓഫീസർമാർ എല്ലാ ദിവസവും ഓഫീസിൽ വരണം. വീട്ടിലിരിക്കുന്ന ജീവനക്കാർ ഏത് സമയത്ത് വിളിച്ചാലും ഓൺലൈനിൽ ലഭ്യമാകണം. കൊവിഡ് അപകട മേഖല ഒഴികെ മറ്റ് സ്ഥലങ്ങളിലെ കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ച് തുടങ്ങി. ബിവറേജ്സ് ഔട്ട്ലെറ്റുകളിൽ മദ്യ വില്പനയുടെ സമയം രാവിലെ 10 മുതൽ രാത്രി 7 വരെയായി നീട്ടി. ഹോട്ട്സ്‌പോട്ട് മേഖലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ സലൂണുകൾ തുറന്ന് പ്രവർത്തിക്കാനും സർക്കാർ അനുമതി നൽകി. തിയേറ്റർ, കല്യാണ മണ്ഡപം, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്ക് വിലക്ക് തുടരും.
|