*ബസിൽ പകുതി യാത്രക്കാർ,
*അന്തർജില്ലാ യാത്രയ്ക്ക് തിരിച്ചറിയൽ കാർഡ്
തിരുവനന്തപുരം: ജില്ലയ്ക്കകത്ത് ജലഗതാഗതം ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിച്ച് സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ ഇളവുകളുടെ ക്രമീകരണം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
ആട്ടോകളും ടാക്സികളും നിയന്ത്രണങ്ങളോടെ ഒാടാം.
ബസുകളിൽ 50 ശതമാനം യാത്രക്കാർ. നിന്നുള്ള യാത്രയില്ല. കണ്ടെയ്ൻമെന്റ് സോണുകളിലൊഴിച്ച്, വാഹന ഗതാഗതത്തിനും സഞ്ചാരത്തിനും തടസമില്ല. അന്തർജില്ലാ യാത്രകൾക്ക് പൊതുഗതാഗതമില്ല. അല്ലാത്ത യാത്രകൾ രാവിലെ 7 മുതൽ രാത്രി 7 വരെ. പ്രത്യേക പാസ് വേണ്ട. തിരിച്ചറിയൽ കാർഡ് മതി. കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്നവർക്കും അവശ്യസർവീസിലുള്ളവർക്കും സർക്കാർ ജീവനക്കാർക്കും സമയക്രമം ബാധകമല്ല. ഇലക്ട്രീഷ്യന്മാരും ടെക്നിഷ്യന്മാരും ട്രേഡ് ലൈസൻസ് കോപ്പി കരുതണം.
വിദൂര ജില്ലകളിലേക്കുള്ള യാത്രയ്ക്ക് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ കളക്ടറുടെ ഓഫീസിലോ നിന്ന് അനുമതി വേണം. അവശ്യസർവീസ് ജീവനക്കാർക്ക് ബാധകമല്ല. ജോലിക്കായി ദൂരെയുള്ള ജില്ലകളിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പാസ് വേണം. ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ട വിദ്യാർത്ഥികളെയും ബന്ധുക്കളെയും കൂട്ടിക്കൊണ്ടുവരാനും വീടുകളിലേക്ക് പോകാനും തൊഴിലിടങ്ങളിൽ കുടുങ്ങിയവർക്ക് വീടുകളിലേക്ക് പോകാനും അനുവാദം.
ബാർബർ ഷാപ്പും ബ്യൂട്ടി
പാർലറും തുറക്കാം
ബാർബർ ഷാപ്പുകളും ബ്യൂട്ടി പാർലറുകളും എയർകണ്ടിഷനില്ലാതെ ഹെയർ കട്ടിംഗ്, ഡ്രസിംഗ്, ഷേവിംഗ് ജോലികൾക്ക് തുറക്കാം. ഒരു സമയം രണ്ടു പേർ. ടെലിഫോണിൽ അപ്പോയിൻമെന്റെടുക്കാം. ഒരേ ടവൽ ഒന്നിൽ കൂടുതലാളുകൾക്ക് പാടില്ല. കസ്റ്റമർ തന്നെ ടവൽ കരുതുന്നതാവും നല്ലത്.
മറ്റ് ഇളവുകൾ
*സ്വകാര്യ വാഹനങ്ങൾ- ടാക്സി ഉൾപ്പെടെ നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ രണ്ട് പേർ. കുടുംബമാണെങ്കിൽ 3 പേർ.
* ആട്ടോകളിൽ ഡ്രൈവർക്ക് പുറമേ ഒരാൾ, കുടുംബമെങ്കിൽ 3 പേർ.
* ഇരുചക്രവാഹനത്തിൽ ഒരാൾ, കുടുംബാംഗമായാൽ പിൻസീറ്റ് യാത്ര.
* ആരോഗ്യകാരണങ്ങളുൾപ്പെടെ അത്യാവശ്യകാര്യങ്ങൾക്ക് ഇളവ്.
* കണ്ടെയ്ൻമെന്റ് സോണിൽ അടിയന്തരഘട്ടത്തിൽ പോകുന്നവർക്ക് എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം ക്വാറന്റൈനോ സ്ഥാപന ക്വാറന്റൈനോ .
* അനുവദനീയ പ്രവൃത്തിയനുസരിച്ചുള്ള യാത്രയ്ക്ക് ബാധകമല്ല.
* 65ന് മുകളിൽ പ്രായമുള്ളവരും മറ്റ് രോഗബാധയുള്ളവരും ഗർഭിണികളും പത്തിൽ താഴെ പ്രായമുള്ളവരും അടിയന്തര ചികിത്സാ ആവശ്യങ്ങൾക്കേ പുറത്തിറങ്ങാവൂ.
* മാളുകളില്ല. ഷോപ്പിംഗ് കോംപ്ലക്സുകളിൽ കടകളുടെ 50ശതമാനം തുറക്കാം. ഏത് ദിവസം ഏത് കട തുറക്കണമെന്ന് കടകളുടെ കൂട്ടായ്മ തദ്ദേശസ്ഥാപനവുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.
* റസ്റ്റാറന്റുകളിൽ ടേക്ക് എവേ കൗണ്ടറുകളിൽ പാഴ്സൽ രാത്രി 9 വരെ.
ഓൺലൈൻ ഡെലിവറി രാത്രി 10വരെ.
* വിവാഹച്ചടങ്ങിന് 50 പേർ, അനുബന്ധച്ചടങ്ങുകൾക്ക് 10 പേർ,
* മരണാനന്തര ചടങ്ങിന് 20 പേർ.
ബസ് ടിക്കറ്റ് മിനിമം 12
# നിരക്ക് വർദ്ധന50 %
# കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്ന് 1.10 രൂപയാക്കി
തിരുവനന്തപുരം: ഓർഡിനറി ബസ് ചാർജ് മിനിമം 8 രൂപയിൽ നിന്നു 12 രൂപയായും കിലോമീറ്റർ നിരക്ക് 70 പൈസയിൽ നിന്നും 1.10 രൂപയായും വർദ്ധിപ്പിച്ചു. സാമൂഹ്യ അകലം പാലിച്ചുള്ള യാത്ര കണക്കിലെടുത്താണിത്. യാത്രാനിയന്ത്രണം തീരുമ്പോൾ നിരക്ക് വർദ്ധന ഒഴിവാക്കും.
നിരക്ക് ഇരട്ടിയാക്കണമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ ശുപാർശ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കൂടിയ ഉന്നതാധികാര സമിതിയാണ് നിരക്ക് വർദ്ധന തീരുമാനിച്ചത്.
സൗജന്യ യാത്രയ്ക്ക് അർഹതയുള്ളവർ പുതിയ നിരക്കിന്റെ പകുതി തുക നൽകണം. വിദ്യാർത്ഥികൾക്ക് പ്രത്യേക ബസെന്ന ശുപാർശ സമിതി തള്ളി.
ആട്ടോ റിക്ഷ, ടാക്സി നിരക്കുകളിൽ വർദ്ധനയില്ള. യാത്രാ ബോട്ടുകളിൽ നിരക്ക് 33% വർദ്ധിപ്പിച്ചു.