തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പേട്ട ,തമലം, പാറ്റൂർ, ആയുർവേദ കോളേജ് ജംഗ്ഷൻ,ചാക്ക എന്നിവടങ്ങളിൽ റോഡിലേയ്ക്ക് മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചെങ്കൽ ചൂള ഫയർഫോഴ്സ് എത്തിയാണ് മരങ്ങൾ നീക്കം ചെയ്തത്. വഞ്ചിയൂർ അംബുജ വിലാസം റോഡിൽ രാവിലെയുണ്ടായ കാറ്റിൽ ശ്രീജിത്ത് നടത്തുന്ന രാജ് സലൂണിന്റെ മേൽക്കൂര പറന്ന് പോയി. പല സ്ഥലങ്ങളിലും വൈദ്യുതി തടസമുണ്ടായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പേട്ട, ചാക്ക, ഊറ്റുകുഴി ജംഗ്ഷൻ, പ്രസ്ക്ലബ് പരിസരം, തമ്പാനൂർ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. കാൽനടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികാരേയും മഴ വലച്ചു. നഗരത്തിൽ 22.7 മി.മിറ്ററും വിമാനത്താവളത്തിൽ 52.7 മി.മി മഴയും ഇന്നലെ ലഭിച്ചു. വരും ദിവസങ്ങളിൽ നഗരത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാന കടൽത്തീരങ്ങളായ വിഴിഞ്ഞം ശംഖുംമുഖം, കോവളം എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബദ്ധമാകാന സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.