വിതുര: ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടുന്ന വിതുര കല്ലുമല സെറ്റിൽമെന്റിലുള്ളവർക്ക് സഹായമെത്തിച്ച് കുട്ടിപൊലീസ് മാതൃകയായി. പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കൊടുംവനത്തിൽ കഴിയുന്നവർക്ക് ആശ്വാസ നടപടിയാണ് വിതുര ജനമൈത്രി പൊലീസും, വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ചേർന്ന് നടത്തിയത്. രണ്ടു ദിവസം മുമ്പ്
ഇവിടം സന്ദർശിച്ച വിതുര സബ് ഇൻസ്പെക്ടറോട് ജനങ്ങൾ തങ്ങളുടെ ബുദ്ധിമുട്ട് പറഞ്ഞതിനെ തുടർന്ന് എസ്.പി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതിയുടെ ഭാഗമായി ഊരിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറിക്കിറ്റുകളെത്തിച്ചു നൽകുകയായിരുന്നു. പൊലീസ് വാഹനത്തിൽ കല്ലുമലയുടെ അടിവാരത്തിൽ എത്തിയ ശേഷം ഒരു കിലോമീറ്ററോളം മല കയറിയാണ് ഇവർ സെറ്റിൽമെന്റിലെത്തിയത്. വാഹനങ്ങളെത്താത്ത ഇവിടെ നിന്നും വിതുര ഗവ. യു.പി.എസിൽ പഠിക്കുന്ന ചിത്രകാരി കൂടിയായ സാന്ദ്രയ്ക്ക് ക്രയോൺസും കളറുകളും സമ്മാനമായി നൽകാനും പൊലീസുകാർ മറന്നില്ല. വിതുര സബ് ഇൻസ്പെക്ടർ സുധീഷ് എസ്.എൽ, എസ്.പി.സി തിരു.ജില്ലാ അസി. നോഡൽ ഓഫീസർ അനിൽ കുമാർ, എസ്.എം.സി. ചെയർമാൻ വിനീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഹേമചന്ദ്രൻ, അൻവർ, സൂസന്ന ഉമ്മൻ, ഷീജ.വി.എസ്, ഷിബു, അനിൽ സി.ജെ, വിനോജ് തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം വിതുര ഗ്രാമപഞ്ചായത്തിലെ തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ബോണക്കാടെത്തി 160 കുടുംബങ്ങളിലെ ഇരുന്നൂറിലധികം അംഗങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും എത്തിച്ചും മാതൃകയായിരിക്കുകയാണ് കുട്ടിപൊലീസുകാർ. വിതുര സബ് ഇൻസ്പെക്ടർ, അനിൽ കുമാർ, വിനീഷ് കുമാർ, വാർഡ് മെമ്പർ സതീശൻ, മാഹീൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.അൻവർ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
വിതുര സ്കൂളിലെ അദ്ധ്യാപകരും സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ചേർന്ന് വിതുര, കളീക്കൽ പ്രദേശങ്ങളിലെ അൻപത് കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതിയുടെ ഭാഗമായി ഇതിനോടകം ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് സഹായം എത്തിച്ചത് .വിശക്കുന്നവർക്ക് സ്വന്തം വീടുകളിൽ നിന്ന് പൊതിച്ചോർ തയ്യാറാക്കി സ്കൂളിലെത്തിച്ച് അത് പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെ വിതരണം ചെയ്യുകയാണിവർ.