തിരുവനന്തപുരം: ലോക്ക് ഡൗൺ നാലാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സാമൂഹ്യ അകലം പാലിച്ച് ഹോട്ടലുകളിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാത്തത് നിരാശാജനകമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. പാർസൽ നൽകാൻ അനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം ചെറുകിട, ഇടത്തരം ഹോട്ടലുകൾക്കും അതിനുള്ള സാഹചര്യമില്ല. ഓൺലൈൻ ഭക്ഷണവിതരണം നടക്കുന്നത് ഉയർന്ന നിലവാരത്തിലുള്ള ഹോട്ടലുകളിൽ മാത്രമാണ്. സാമൂഹിക അകലം പാലിച്ച് നിശ്ചിത ഉപഭോക്താക്കളെ മാത്രം ഹോട്ടലുകളിൽ പ്രവേശിപ്പിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി.ജയപാലും കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.