susheelkumar

ചെറുവത്തൂർ: വാടക ക്വാർട്ടേഴ്സിൽ തെയ്യം കലാകാരനെ ഒരു സംഘം കൈകാലുകൾ കെട്ടിയിട്ട ശേഷം വായിൽ ചകിരി തിരുകി മർദ്ദിച്ചതായി പരാതി. പരിക്കേറ്റ തൃക്കരിപ്പൂർ ഒളവറ മാവിലങ്ങാട് കോളനിയിലെ വി. സുശീൽകുമാറി (22)നെ പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ ദൃശ്യം മൊബൈലിൽ പകർത്തിയെന്നും സുശീൽകുമാർ ചന്തേര പൊലീസിന് മൊഴി നൽകി. നീലേശ്വരം കൊട്രച്ചാൽ കോളനിയിലെ വാടക ക്വാർട്ടേഴ്സിൽ വിളിച്ചു വരുത്തിയ തന്നെ ബൈക്കിലും കാറിലുമായി എത്തിയ പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സുശീൽകുമാർ പറയുന്നു. കസേരയിൽ കൈയും കാലും കെട്ടിയിട്ടു വായിൽ ചകിരി തിരുകി മരക്കട്ട കൊണ്ട് ഇടിക്കുകയും വൈകുന്നേരം നാലോടെ കാറിൽ കയറ്റി തൃക്കരിപ്പൂർ ഒളവറയിലെ വീട്ടിൽ തള്ളുകയും ചെയ്യുകയായിരുന്നത്രെ. മൊബൈൽ ഫോൺ സംഘം പിടിച്ചെടുക്കുകയും ചെയ്തു. ആക്രമണ കാരണ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.