liquor-rate
LIQUOR RATE

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ഇളവുവരുത്തി സംസ്ഥാനത്ത് ബാർ കൗണ്ടറുകളും ബിവറേജസ് ഒൗട്ട്‌ലെറ്റുകളും തുറന്നു പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ ഇന്നലെ അനുമതി നൽകി. തീയതി പ്രഖ്യാപിക്കാതെ,​ തിരക്ക് നിയന്ത്രിക്കാനുള്ള മൊബൈൽ ആപ്ളിക്കേഷൻ സംവിധാനം സജ്ജമാകുന്ന മുറയ്ക്ക് ബെവ്കോ തുറക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഇതിനുപിന്നാലെ ബാർ കൗണ്ടറുകൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുറക്കാൻ അനുമതി നൽകി എക്സൈസ് വകുപ്പും ഉത്തരവിറക്കി. ഇതിലും തീയതിയുണ്ടായിരുന്നില്ല. മൊബൈൽ ആപ്പ് സജ്ജമാക്കാത്തതിനാൽ എന്ന് തുറക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് എക്സൈസ് വകുപ്പും ബെവ്കോ അധികൃതരും പറയുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 23 നാണ് സംസ്ഥാനത്ത് ബെവ്കോ ചില്ലറവില്പനശാലകൾ പൂട്ടിയത്.

ആപ്പ് തയ്യാറാകുമ്പോൾ നിബന്ധനകൾ പാലിച്ച് മദ്യശാലകൾ തുറക്കാം. മദ്യത്തോടൊപ്പം ബാറുകളിൽ ആഹാരവും പാഴ്സലായി നൽകാം. തുറക്കുന്ന ദിവസം മുതൽ തന്നെ ക്ലബുകളിലും ഒരുസമയത്ത് അഞ്ചിൽ കൂടുതൽ പേർ വരില്ലെന്ന വ്യവസ്ഥയോടെയും സാമൂഹ്യഅകലം പാലിച്ചും മദ്യവും ആഹാരവും പാഴ്സലായി നൽകാം. ഇതിനായി ടെലിഫോൺ വഴിയുള്ള ബുക്കിംഗോ അനുയോജ്യമായ മറ്റു മാർഗങ്ങളോ സ്വീകരിക്കാം. അംഗങ്ങളല്ലാത്തവർക്ക് ക്ലബിൽ പ്രവേശനമില്ല. കള്ളുഷാപ്പുകളിൽ നിലവിലെ വ്യവസ്ഥയ്ക്ക് വിധേയമായി കള്ളും ആഹാരവും പാഴ്സലായി വിതരണം തുടരും.


ആപ്പിന് അഞ്ചു ദിവസം

ഇപ്പോഴത്തെ സാഹചര്യത്തിൽ മൊബൈൽആപ്പ് തയ്യാറാകാൻ അഞ്ചു ദിവസം കൂടി വേണ്ടിവരുമെന്ന് ബെവ്കോ എം.ഡി സ്‌പർജൻ കുമാർ പറഞ്ഞു. കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന കമ്പനി തയ്യാറാക്കുന്ന ആപ്പിൽ വെർച്വൽ ക്യൂ സംവിധാനം ഒരുക്കുന്ന ജോലികളാണ് നടക്കുന്നത്. ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയുമടക്കം 301 ഔ‌‌ട്ട‌്‌‌ലെറ്റുകളുടെയും 597 ബാർ ഹോട്ടലുകളുടെയും 357 വൈൻ,​ ബിയർ പാർലറുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തണം. ഇവയെല്ലാം സുഗമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പല ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തണം. അതിനുശേഷം പ്രവർത്തനശേഷി പരിശോധിക്കണം. ഈ കടമ്പകൾ പിഴവുകളില്ലാതെ കടന്നാലേ പ്ളേ സ്റ്റോറിൽ ആപ്പ് ഉൾപ്പെടുത്തുന്നതിനായി ഗൂഗിളിനെ സമീപിക്കാനാകൂ.