തിരുവനന്തപുരം: ലോട്ടറി ടിക്കറ്റിന്റെ വില വീണ്ടും 30 രൂപയാക്കാൻ നീക്കം. ലോക്ക് ഡൗണിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം നാട്ടുകാരുടെ വാങ്ങൽ ശേഷി കുറഞ്ഞതിനാലാണിത്.
ടിക്കറ്റ് വിൽപ്പന, നറുക്കെടുപ്പ് ,ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഇന്ന് മൂന്നര മണിക്ക് ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ഓൺലൈൻ കോൺഫറൻസ് നടത്തും. നേരത്തേ റദ്ദാക്കിയ നറുക്കെടുപ്പുകൾക്ക് പകരം നിശ്ചയിച്ച ഏഴ് നറുക്കെടുപ്പുകളുടെ കാര്യത്തിൽ ട്രേഡ് യൂണിയനുകൾക്കിടയിൽ തർക്കമുണ്ട്. ഈ ടിക്കറ്റുകളിൽ ബഹുഭൂരിഭാഗവും ഏജന്റുമാരുടെ പക്കൽ വിൽക്കാതെ കിടക്കുന്നതിനാൽ റദ്ദാക്കണമെന്നാണ് ആവശ്യം. എങ്കിൽ ഈ ടിക്കറ്റുകൾ വാങ്ങിയവർക്ക് പകരം ടിക്കറ്റ് നൽകേണ്ടി വരും. നറുക്കെടുപ്പ് റദ്ദാക്കാൻ സർക്കാർ സമ്മതിക്കാനിടയില്ല. വിൽക്കാത്ത ടിക്കറ്റുകളുടെ പകുതി സർക്കാർ ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് വില 20 രൂപയാക്കണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. കേരളത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്ന അന്യ സംസ്ഥാന ലോട്ടറിക്കാർക്ക് സംസ്ഥാന ലോട്ടറിയുടെ നിരക്ക് വർദ്ധന സഹായകരമാവുമെന്ന വാദവുമുണ്ട്.