തിരുവനന്തപുരം : കൊവിഡ് വിവരം മറച്ചുവച്ച് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം
സ്വദേശികളായ ഇവർ കൊവിഡ് ബാധയുണ്ടെന്ന് വ്യക്തമായിട്ടും അത് മറച്ചുവച്ചാണ് കഴിഞ്ഞ ശനിയാഴ്ച നാട്ടിലെത്തിയത്. രണ്ടു പേർ കൊല്ലം സിറ്റി പരിധിയിലും ഒരാൾ റൂറലിലുമാണ്. കൊല്ലത്ത് നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ സംശയം തോന്നിയാണ് ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. നേരത്തെ തന്നെ രോഗബാധ സ്ഥിരീകരിച്ച ഇവർക്ക് എങ്ങനെ വിമാനത്തിൽ യാത്രചെയ്യാൻ അനുമതി ലഭിച്ചെന്നുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.