തിരുവനന്തപുരം: കോളേജിലേക്ക് എത്താനാകാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കൂടുതൽ സബ്സെന്ററുകൾ ക്രമീകരിക്കാനുള്ളതിനാൽ കേരള സർവകലാശാലാ പരീക്ഷകൾ ജൂൺ ആദ്യവാരത്തിലേക്ക് മാറ്റിയേക്കും. പൊതുഗതാഗതം ആരംഭിക്കുകയാണെങ്കിൽ 26മുതൽ പരീക്ഷ നടത്താനായിരുന്നു ആലോചന. പരീക്ഷാ തീയതി സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്ന് പ്രോ വൈസ്ചാൻസലർ ഡോ.പി.പി. അജയകുമാർ പറഞ്ഞു.
കേരളയിൽ അവസാന സെമസ്റ്ററിലെ ഒരു പരീക്ഷയും നടത്തിയിട്ടില്ല. 21ന് അവസാന സെമസ്റ്റർ പരീക്ഷകൾ തുടങ്ങാനുള്ള തീരുമാനം നേരത്തേ മാറ്റിയിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ സബ്‌സെന്ററുകൾ അനുവദിച്ചിരുന്നു. ഇവ അപര്യാപ്തമാണെന്ന് പരാതി ഉയർന്നതോടെയാണ് കൂടുതൽ സെന്ററുകൾ ക്രമീകരിക്കുന്നത്.