തിരുവനന്തപുരം: അതിതീവ്ര മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം ഇന്നു മുതൽ നിറുത്തലാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. അവശ്യ സർവീസ് ഒഴികെ അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് ജില്ലകളിലേക്ക് പോകുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങണം. പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാനായി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സിന് രൂപം നൽകും. അതിതീവ്ര മേഖലകളിലും ചെക്പോസ്റ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കർശനമാക്കിയതായും വീട്ടിൽ ക്വാറന്റെയ്നിൽ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനം ശക്തിപ്പെടുത്തിയതായും ഡിജിപി അറിയിച്ചു.