കോവളം: ശക്തമായ കാറ്റിലും മഴയിലും തിരുവല്ലം പാച്ചല്ലൂർ, വിഴിഞ്ഞം, വെങ്ങാനൂർ മേഖലയിൽ മരങ്ങൾ വീണ് വൻ നാശനഷ്ടം. പലയിടത്തും വൈദ്യുതലൈനുകൾ, ടെലിഫോൺ വയറുകൾ എന്നിവ പൊട്ടിവീണു. നൂറിലധികം വീടുകളിലെ കേബിൾ കണക്ഷനുകൾക്കും സെറ്റ് ഓഫ് ബോക്സുകൾക്കും കേടുപാടുണ്ടായി. വൈദ്യുത മീറ്ററുകൾക്ക് തകരാറ് സംഭവിച്ചു. ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ കാറ്റത്ത് പറന്നു പോയി. തിരുവല്ലം പുഞ്ചക്കരി മേനിലത്ത് ഓടിക്കൊണ്ടിരുന്ന മിനിചരക്ക് ലോറിയിൽ കൂറ്റൻ ആഞ്ഞിലിമരം വീണെങ്കിലും ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഴമുട്ടം ബൈപ്പാസിൽ റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. പാച്ചല്ലൂർ തോപ്പടി, വിഴിഞ്ഞം തെരുവ്, തിരുവല്ലം സർവീസ് റോഡ്, പാച്ചല്ലൂർ ദേവീക്ഷേത്രത്തിന് സമീപം, പള്ളിച്ചൽ പുന്നമൂട് റോഡ്, വിഴിഞ്ഞം കല്ലുവെട്ടാൻകുഴി റോഡ് എന്നിവിടങ്ങളിൽ മരം കടപുഴകി.