kovalam

കോവളം: ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ തകർന്ന് വീണ മേൽക്കൂരയുടെ അടിയിൽപ്പെട്ട് വീട്ടുടമയ്ക്ക് പരിക്കേറ്റു. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് പിന്നിൽ മൈത്രി നഗർ ചരുവിള പുത്തൻ വീട്ടിൽ ചന്ദ്രബാബുവിനാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവസമയം അടുക്കളയിലുണ്ടായിരുന്ന ഇയാളുടെ മകൾ ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു. നാട്ടുകാരാണ് ചന്ദ്രബാബുവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. വീടിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും വാതിലുകളും ജനാലകളും ഇളകുകയും ചെയ്തു. വിവരമറിഞ്ഞ് തിരുവല്ലം വില്ലേജ് ഓഫീസർ മനോജ്.ഐ.ജി,വില്ലേജ് അസിസ്റ്റൻഡ് വി. സുജൻ എന്നിവർ സ്ഥലത്തെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകുമെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.