കഴക്കൂട്ടം: നവ ദമ്പതികൾക്ക് വിവാഹ സത്കാരമൊരുക്കി മംഗലപുരം പൊലീസ്. മംഗലപുരം സ്വദേശി ശ്യാമിനും വർക്കല സ്വദേശി അനഘയ‌്ക്കുമാണ് പൊലീസുകാർ സ്വീകരണം നൽകിയത്. മാർച്ച്‌ 29ന് മംഗലപുരം സഫാ ആഡിറ്റോറിയത്തിൽ നടത്താനിരുന്ന വിവാഹം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇതിനുശേഷം കഴിഞ്ഞ 17ന് വധുവിന്റെ വീട്ടിൽ ലളിതമായ രീതിയിൽ വിവാഹം നടത്തി. തുടർന്നാണ് നവ ദമ്പതികൾക്ക് മധുരം നൽകാനും ആശംസകൾ അറിയിക്കാനും മംഗലപുരം പൊലീസ് തീരുമാനിച്ചത്. ഇരുവരെയും സ്റ്റേഷനിൽ വരുത്തി കേക്ക് മുറിച്ച് മധുരവും നൽകി. ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചതിന് അഭിനന്ദനങ്ങൾ അറിയിച്ചാണ് ഇവരെ സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസുകാർ യാത്രയാക്കിയത്.