തിരുവനന്തപുരം: കൊവിഡ്19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കറൻസി ഉപയോഗം പരമാവധി കുറച്ച് ഡിജിറ്റൽ പേയ്‌മെന്റ് സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിൽ റീചാർജ്ജ് ചെയ്‌ത് ഉപയോഗിക്കാൻ കഴിയുന്ന യാത്രാ കാർഡുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് സെക്രട്ടേറിയറ്റിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാർക്കായുള്ള ബസുകളിലാണ് ഇത് തുടക്കത്തിൽ നടപ്പിലാക്കുന്നത്. പരീക്ഷണം വിജയമായാൽ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലും ഈ സംവിധാനം നടപ്പിൽ വരുത്തും. 'ചലോ' എന്ന കമ്പനിയാണ് കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടി ഈ പദ്ധതിനടപ്പിലാക്കുന്നത്. നേരത്തെ രാജമാണിക്യം എം.ഡിയായിരുന്നപ്പോഴും യാത്രാ കാർഡുകൾ അവതരിപ്പിച്ചിരുന്നു. അത് പിന്നീട് പിൻവലിക്കുകയായിരുന്നു.