വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഇന്ന് മുതൽ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കുന്നു. ഇതുവരെ ഓരോ സേവനവും വെവേറെ സോഫ്റ്റ് വെയറുകൾ വഴിയാണ് നടത്തിയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ വേഗത്തിലും സുതാര്യമായും ജനങ്ങൾക്ക് ലഭിക്കാൻ ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് ഇന്ന് മുതൽ ചെമ്മരുതിയിൽ ഫയലുകളുടെ നീക്കം ഏകോപിപ്പിക്കുന്നത്. ജനന മരണ രജിസ്ട്രേഷൻ, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവയ്ക്ക് സേവന, കെട്ടിടനികുതി കണക്കാക്കലിന് സഞ്ചയ, പെൻഷൻ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് സുലേഖ, ഭരണസമിതി യോഗങ്ങൾക്ക് സകർമ്മ, അകൗണ്ടിംഗിന് സാംഖ്യ തുടങ്ങിയ സോഫ്റ്റ് വെയറുകളാണ് ഇതുവരെ ഗ്രാമപഞ്ചായത്തുകളിൽ ഉപയോഗിച്ചിരുന്നത്. ചെമ്മരുതിയിൽ ഇന്നുമുതൽ ഇവയ്ക്കെല്ലാം പകരം ഒറ്റ സോഫ്റ്റ് വെയർ ഉപയോഗിച്ചു തുടങ്ങും. ഇതോടെ സേവനങ്ങളെല്ലാം കൂടുതൽ വേഗത്തിലാവും.
പുതിയ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അതോടൊപ്പം നൽകേണ്ട രേഖകളുടെ വിവരങ്ങൾ മൊബൈൽ ഫോണിലൂടെയോ ഇ-മെയിൽ വഴിയോ അപേക്ഷകന് അറിയാൻ കഴിയും. ഉദ്യോഗസ്ഥർ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ മനപൂർവം കാലതാമസം വരുത്തുന്നുണ്ടോ എന്നും പുതിയ സോഫ്റ്റ് വെയറിലൂടെ മനസിലാക്കാം. മൊബൈൽഫോൺ വഴിയും ഓൺലൈൻ വഴിയും അപേക്ഷകൾ അയയ്ക്കാനും സർട്ടിഫിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാനും അപേക്ഷകർക്ക് ഇനി നേരിട്ട് കഴിയും.