കല്ലമ്പലം: നെൽക്കൃഷി കൊണ്ട് സമൃദ്ധമായ ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിനുവേണ്ടി തോടുകളിലും നീർച്ചാലുകളിലും നിർമ്മിച്ച തടയണകളിൽ ഭൂരിഭാഗവും കാലക്രമേണ നശിച്ച് ഇല്ലാതായി. തലമുറകൾക്ക് മുൻപ് തന്നെ കർഷകർ നീരൊഴുക്ക് തടഞ്ഞുനിറുത്തി വെള്ളം കൃഷിക്കായി ഉപയോഗിച്ചിരുന്നു. അന്ന് തടയണകൾക്ക് ആയക്കെട്ടുകളെന്നും വാട്ടർ ഷെഡുകളെന്നുമൊക്കെ പറഞ്ഞിരുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പഞ്ചായത്തുകൾ യഥേഷ്ടം തടയണകൾ നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിറുത്തി പാടങ്ങളിലേക്ക് തിരിച്ചു വിടുമായിരുന്നു.
എന്നാൽ ചെലവുകൾ ഏറിയതിനാൽ കൃഷി അത്ര ലാഭകരമല്ലെന്ന് കണ്ട് കർഷകരിൽ പലരും കൃഷിയിൽ നിന്ന് പിന്തിരിഞ്ഞതോടെയാണ് തടയണകളും നശിച്ച് തുടങ്ങിയത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാരിന്റെ ജീവനി, സുഭിഷകേരളം, തരിശ് ഭൂമി കൃഷി തുടങ്ങി പല പദ്ധതികൾ നിലവിൽ വന്നതും കൊവിഡ് പ്രതിസന്ധിയും കർഷകരെ വീണ്ടും കൃഷിയിലേക്ക് അടുപ്പിച്ചതോടെ തടയണയുടെ ആവശ്യകതയേറി. ഒറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന കല്ലാം പൊറ്റ തോട്ടിൽ തടയണകൾ നിർമ്മിക്കണമെന്ന കർഷകരുടെ ആവശ്യം ഇനിയും പരിഗണിച്ചില്ല. മഴക്കാലത്ത് നീരൊഴുക്ക് നിറയുന്ന ഈ തോട്ടിൽ തടയണയില്ലാത്തതുമൂലം മുഴുവൻ വെള്ളവും ഒഴുകി പാഴാകുന്ന സ്ഥിതിയാണ്. മഴക്കാലം കഴിയുന്നതോടെ തോട് വറ്റിവരളും. ശ്രീനാരായണപുരം, കല്ലാം പൊറ്റ, മതുരക്കോട്, ചെറുവള്ളിക്കോണം, വലിയ വീട് ഏല, തോപ്പിൽ, കാവിക്കുളം, കാഞ്ഞിരം മൂട്, ഞായൽ എന്നീ ചെറു തോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കല്ലാംപൊറ്റ തോട്ടിലാണ് പതിക്കുന്നത്. അവിടെ നിന്നും ദീർഘദൂരം സഞ്ചരിച്ച് കായലിൽ പതിക്കും. നെൽക്കൃഷി വ്യാപകമായിരുന്ന കാലത്ത് കട്ടിയുള്ള കാട്ടുതടികൾ കൊണ്ടുള്ള തടയണകൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ വേനൽക്കാലത്ത് തടികൾ മോഷ്ടിക്കപ്പെട്ടതോടെയാണ് ഇവിടെ തടയണ ഇല്ലാതായത്. പിന്നീട് മാറിവന്ന ഭരണസമിതികൾ അത് നിർമ്മിക്കാൻ ശ്രമിച്ചതുമില്ല. ഇത് ഈ ഭാഗത്തെ കൃഷിയുടെ നാശത്തിന് കാരണമായി. മഴക്കാലത്ത് വെള്ളം കെട്ടി നിറുത്താനും വേനൽക്കാലത്തെ ജലദൗർലഭ്യം തടയാനും തടയണ അത്യാവശ്യഘടകമാണ്. യുവാക്കൾ ധാരാളമായി കൃഷി മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. ഇത്തരം തോടുകളുടെ സംരക്ഷണവും തടയണ നിർമ്മാണവും അത്യാവശ്യഘടകങ്ങളാണെന്നിരിക്കെ പഞ്ചായത്തിലെ തോടുകളിൽ തടയണകൾ നിർമിക്കണമെന്നാവശ്യം ശക്തമാണ്.
തടയണയുടെ പ്രധാന ആവശ്യം
കൃഷി ആവശ്യത്തിന് ഉപയോഗിക്കാൻ കല്ലാം പൊറ്റ തോട്ടിൽ തടയണകൾ നിർമ്മിക്കണം
നിലവിലെ അവസ്ഥ
വെള്ളം ഒഴുകി പോകുന്നു. കൃഷിക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല
ഒറ്റൂർ പഞ്ചായത്തിലെ തോടുകളിൽ തടയണയില്ലെന്ന വിഷയം അവിടത്തെ ചില പൊതുപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്നോ പഞ്ചായത്തംഗങ്ങളിൽ നിന്നോ അപേക്ഷ ലഭിച്ചാൽ പരിഗണിക്കും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി തടയണ നിർമ്മിക്കും.
അഡ്വ. സ്മിതാ സുന്ദരേശൻ
വർക്കല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്