തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ നഗരം വീണ്ടും തിരക്കിലേക്ക്. ഇളവുകൾ പ്രഖ്യാപിച്ചതോടെ മുഴുവൻ കടകൾ തുറന്നു. നഗരത്തിലേക്ക് പ്രവേശിക്കാനുള്ള പ്രധാന സ്ഥലങ്ങളായ കഴക്കൂട്ടം, പേരൂർക്കട, തിരുമല കേശവദാസപുരം എന്നിവിടങ്ങളിൽ ഇപ്പോൾ കർശന പരിശോധനയില്ല. പല സ്ഥങ്ങളിൽ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്. ഓഫ് ചെയ്‌തിരുന്ന ട്രാഫിക്ക് സിഗ്നൽ ലൈറ്റുകൾ ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ചാല കമ്പോളവും പാളയം മാർക്കറ്റുമെല്ലാം ഇപ്പോൾ പഴയ രീതിയിൽ സജീവമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജനങ്ങളെത്തുന്നതെന്ന് പരാതി ഉയർന്നതോടെ പൊലീസ് പ്രത്യേക നിരീക്ഷണവും നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നതോടെ തമ്പാനൂരിലെ കടകൾ വീണ്ടും സജീവമാകും. മാളുകളും തിയേറ്ററുകളും വൻകിട തുണിക്കടകളും ഇതുവരെ തുറന്നിട്ടില്ല. ബിവറേജസ് ഔട്ട്ലെറ്റുകൾ കൂടി തുറക്കുന്നതോടെ തിരയ്ക്ക് ഇനിയും വർദ്ധിക്കും. പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പൊലീസും ഇപ്പോൾ ഇവരെ തടയുന്നില്ല.