മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൂന്ന് കോടി രൂപയുടെ പദ്ധതിക്ക് ജൂൺ 5ന് തുടക്കമാകുമെന്ന് പ്രസിഡന്റ് ആർ. സുഭാഷ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിജീവനത്തിനൊരു കൈത്താങ്ങ് പദ്ധതി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കും. ഭക്ഷ്യോത്പാദനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ വിളകൾ കൃഷി ചെയ്യും. പാൽ, മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കും.100 ജെ.എൽ.ജി ഗ്രൂപ്പുകൾ രൂപീകരിച്ച് ഓരോ ഗ്രൂപ്പിനും 25000 രൂപ റിവോൾവിംഗ് ഫണ്ടായി നൽകും. കാർഷിക, മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകളിൽ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിനാണ് ഈ റിവോൾവിംഗ് ഫണ്ട് നൽകുന്നത്.
കോഴി വളർത്തൽ യൂണിറ്റ് ആരംഭിക്കുന്ന ജെ.എൽ.ജി യൂണിറ്റിന് 50,000 രൂപ സബ്‌സിഡി നൽകും. ഇത്തരത്തിൽ 13 യൂണിറ്റുകൾക്ക് സഹായം നൽകും. 5 പേർ വീതമുള്ള യൂണിറ്റിന് 3 ആടിനെ വീതം വളർത്തുന്നതിനായി 3,75000 രൂപ വായ്പയും സബ്‌സിഡിയുമായി നൽകും. ക്ഷീര വികസന മേഖലയിൽ തീറ്റ-പുൽ കൃഷി, പാലിന് സബ്‌സിഡി, കാലിത്തീറ്റയ്ക്ക് സബ്‌സിഡി, തൊഴുത്ത് നിർമ്മാണം, വളക്കുഴി തുടങ്ങിയവയ്ക്കായി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവാക്കുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് പി.എം.കെ.എസ്.വൈ ഫണ്ട് ഉപയോഗിച്ച് 10,000 ഫല വൃക്ഷ തൈകൾ (ഒട്ടുമാവ്, പ്ലാവ്, കശുമാവ്, തെങ്ങ് തുടങ്ങിയവ) നട്ട് പരിപാലിക്കും. ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും 100 തൈകൾ പരിസ്ഥിതി ദിനമായ ജൂൺ 5ന് നടും. തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ 1000 കുളങ്ങൾ നിർമ്മിച്ച് മത്സ്യകൃഷി നടത്തും. ഇരുന്നൂറോളം കുളങ്ങൾ നിലവിലുണ്ട്. ബാക്കി കുളങ്ങളുടെ നിർമ്മാണം തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തും. മുദാക്കൽ അഗ്രോ സർവീസ് സെന്ററിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 50,000 പച്ചക്കറി തൈകൾ ഈ മാസം 31നകം ആറ് ഗ്രാമപഞ്ചായത്തുകൾക്ക് വിതരണം ചെയ്യും. കർഷകർ ഉത്പാദിപ്പിക്കുന്ന നെല്ലും മറ്റു കാർഷിക വിളകളും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സംഭരണ വിതരണ കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .