chile

സാന്റിയാഗോ : ലോക്ക് ഡൗണിൽ ഭക്ഷണം ലഭിക്കാനില്ലെന്ന് ആരോപിച്ച് ചിലിയിലെ സാന്റിയാഗോയിൽ ജനങ്ങൾ തെരുവിലിറങ്ങി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ദരിദ്രർ ഏറെയുള്ള എൽ ബോസ്കിലും സമീപ പ്രദേശങ്ങളിലും തെരുവുകളിൽ നടന്ന പ്രതിഷേധകരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രാജ്യത്ത് എല്ലാവർക്കും ആഹാരം ഉറപ്പാക്കുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യൻ പിന്യേറ അറിയിച്ചു. ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിൽ ഇതേവരെ 46,059 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 478 പേർ മരിച്ചു. കേസുകളിലുണ്ടായ വൻ വർദ്ധനവിനെ തുടർന്ന് സാന്റിയാഗോ ഉൾപ്പെടെയുള്ള നഗരങ്ങൾ കർശന ലോക്ക് ഡൗണിലാണ്. ചിലി സെനറ്റിലെ ഡസൻ കണക്കിന് അംഗങ്ങളും രണ്ട് മന്ത്രിമാരും കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഐസൊലേഷനിൽ കഴിയുകയാണ്.

കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഭൂരിഭാഗം ജനങ്ങൾക്കും ജോലി നഷ്ടപ്പെട്ടു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇതോടെയാണ് എൽ ബോസ്കിലും സമീപ പ്രദേശങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ തെരുവുകളിൽ തീ കത്തിയ്ക്കുകയും പൊലീസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അടുത്ത ആഴ്ചയോടെ 2.5 ദശലക്ഷം ഭക്ഷ്യ, അവശ്യസാധന കിറ്റുകൾ വിതരണം ചെയ്യുമെന്നാണ് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സാധാരണക്കാർ‌ പട്ടിണിയിലാണ്. നിയന്ത്രണങ്ങൾ നീക്കണമെന്നും സർക്കാർ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങളാണ് ചിലി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ തെരുവുകളിൽ പ്രതിഷേധിക്കുന്നത്. ബ്രസീലിലെ സാവോ പോളോയിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഫവേലകളിലെ നൂറുകണക്കിന് ജനങ്ങളാണ് സർക്കാർ സഹായത്തിനായി മുറവിളി കൂട്ടുന്നത്. കൊളംബിയയിൽ തങ്ങൾ പട്ടിണിയിൽ ജീവിക്കുകയാണെന്ന് അധികൃതരെ അറിയിക്കാൻ ജനങ്ങൾ വീടിനു മുന്നിൽ ചുവന്ന തുണികൾ തൂക്കിയിടുന്നു. എൽ സാൽവഡോറിൽ ലോക്ക് ഡൗണിനെതിരെ പാത്രം കൊട്ടിയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. രോഗവ്യാപനം ദിനംപ്രതി കൂടുന്നതോടൊപ്പം കടുത്ത ദാരിദ്ര്യവും സാമ്പത്തിക അരക്ഷിതാവസ്ഥയും ലാറ്റിനമേരിക്കയ്ക്ക് വെല്ലുവിളി ഉയർത്തുന്നു.