ഡബ്ലിൻ: ദുരൂഹ സാഹചര്യത്തിൽ കാണാതായ വ്യക്തിയുടെ കാർ തടാകത്തിൽ നിന്നും 18 വർഷങ്ങൾക്ക്ശേഷം കണ്ടെടുത്തു. അയർലന്റിലാണ് സംഭവം. ഫെർമാനാ സ്വദേശിയായ ടോണി ലിഞ്ചിനെ 2002 ജനുവരി 6 ഞായറാഴ്ചയാണ് അവസാനമായി കണ്ടത്. നാല് കുട്ടികളുടെ അച്ഛനായ ടോണിയെ കാണാതാകുമ്പോൾ 54 വയസുണ്ടായിരുന്നു. ടോണി സഞ്ചരിച്ചിരുന്ന വെള്ള നിറത്തിലെ മിറ്റ്സുബിഷി ഗാലന്റ് കാറും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ചയാണ് വടക്കൻ അയർലൻഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ദ്ധർ ലിസ്നസ്കീയിലെ ഏൺ തടാകത്തിന് അടിത്തട്ടിൽ നിന്നും കാർ കണ്ടെത്തിയത്. തടാകത്തിന്റെ അടിത്തട്ടിൽ ചെളിയിൽ നിറഞ്ഞ നിലയിലാണ് കാറിനെ കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അസ്വഭാവിക സാഹചര്യത്തിലാണ് ടോണി അപ്രത്യക്ഷനായത്. പെട്ടെന്നൊരു ദിവസം കാറിനെയും ടോണിയെയും കാണാതായതോടെയാണ് വീട്ടുകാർ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ ഇയാൾ ഒരാഴ്ച ജോലി സ്ഥലത്ത് എത്തിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് തലങ്ങും വിലങ്ങും പരിശോധനകൾ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. തടാകങ്ങളിൽ ഉൾപ്പെടെ അന്ന് പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.