ആലപ്പുഴ: വ്യാജവിലാസത്തിൽ പാസെടുത്ത് വാളയാ‍ർ അതിർത്തി കടന്ന് മുങ്ങിയ ആളെ ക്വാറന്റൈനിലാക്കി. ആലപ്പുഴ ഹരിപ്പാട് വെട്ടുവേനി കൃഷ്ണവിലാസത്തിൽ ഗിരീഷാണ് വ്യാജവിലാസത്തിൽ വാളയാർ അതിർത്തി കടന്ന് മൂന്നാംനാൾ പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോങ്ങാട് പഞ്ചായത്തിലെ ചെറായി ചീരൻ വീട്ടിൽ ഗിരീഷ്‌ വ്യാജ വിലാസത്തിൽ കർണാടകയിൽ നിന്ന് വാളയാർ അതിർത്തി കടന്നത്.

കൊവിഡ് 19 ആരോഗ്യജാഗ്രത പോർട്ടലിൽനിന്ന്, ഇയാൾ ചെക്ക്പോസ്റ്റ് കടന്നുവെന്ന വിവരത്തെ തുടർന്ന് ആരോഗ്യ പ്രവർത്തക‌ർ കോങ്ങാട് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ വിലാസം കണ്ടെത്താനായില്ല. ഇയാൾ നൽകിയ ഫോൺനമ്പർ സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് കോങ്ങാട് ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 17ന് ഇയാളെ എറണാകുളം ചുർണിക്കര പഞ്ചായത്തിൽ നിന്ന് പിടികൂടി അവിടെത്തന്നെ നിരീക്ഷണത്തിലാക്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം എ സാദ്, ജി സനിൽകുമാർ, ആർ രമ്യ,​ചൂർണിക്കര പഞ്ചായത്തംഗം എം സതീഷ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.