വർക്കല: വർക്കലയിൽ കഴിഞ്ഞിരുന്ന കർണാടക സ്വദേശികളായ തൊഴിലാളികൾക്ക് സ്നേഹോഷ്മളമായ യാത്ര അയപ്പ്. ഇന്നലെ രാത്രി 7.15ന് പുറപ്പെട്ട ഡൽഹി നിസാമുദ്ദീൻ എക്സ്പ്രസിലാണ് ഇവർ യാത്രതിരിച്ചത്. കുട്ടികളടക്കം 104 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വർക്കല ഹെലിപാഡിൽ നിന്നും മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് ഇവരെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. അഡ്വ. വി. ജോയ് എം.എൽ.എ, വർക്കല ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ജയപ്രസാദ്, അൻസർ, വർക്കല നഗരസഭ ചെയർപേഴ്സൻ ബിന്ദു ഹരിദാസ് ഉൾപ്പെടെയുള്ളവർ തൊഴിലാളികളെ യാത്രയാക്കാൻ എത്തിയിരുന്നു. എം.എൽ.എയും നഗരസഭയും ചേർന്നാണ് സൗജന്യയാത്ര ഒരുക്കിയത്.