medi
മെഡിക്കൽ

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ 2017മുതൽ പഠിച്ചുകൊണ്ടിരിക്കുന്ന എം.ബി.ബി.എസ് വിദ്യാർത്ഥികളെ , വൻ തുക ഫീസുയർത്തി കൊള്ളയടിക്കാനുള്ള മാനേജ്മെന്റുകളുടെ നീക്കം അനുവദിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

കോളേജുകളുടെ വരവ്-ചെലവ് രേഖകൾ പരിശോധിച്ച് ഫീസ് പുനർനിശ്ചയിക്കുമെങ്കിലും, പുതിയഫീസ് കുട്ടികൾക്ക് താങ്ങാവുന്നതാവും. പരമാവധി 10,000- 25,000 രൂപയുടെ വർദ്ധന മതിയെന്ന നിർദ്ദേശം ജസ്റ്റിസ് രാജേന്ദ്രബാബു സമിതിക്ക് നൽകും.

11 ലക്ഷം വേണമെന്ന്

മാനേജ്മെന്റുകൾ

2017ലെ ഫീസ് 4.60-5.66ലക്ഷം രൂപയായിരുന്നു. എൻ.ആർ.ഐ ക്വാട്ടയിൽ 25ലക്ഷം, ബാക്കി സീറ്റുകളിൽ 11 ലക്ഷം വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. കഴിഞ്ഞവർഷം ഇത് 20ലക്ഷം, 5.85-7.19ലക്ഷം എന്നിങ്ങനെയായിരുന്നു. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം, കോളേജ് നടത്തിപ്പ്, ഭാവിയിലെ വികസനത്തിനുവേണ്ടിയുള്ള അധികത്തുക എന്നിവയെല്ലാം കണക്കാക്കിയാണ് ഫീസ് നിർണയിച്ചത്. എല്ലാ കോളേജുകൾക്കും 10 ശതമാനം വാർഷിക വർദ്ധനവുമുണ്ട്. പുതിയ ഫീസ് വേഗത്തിൽ നിശ്ചയിച്ച് കാര്യകാരണ സഹിതം ഹൈക്കോടതിയെ ബോദ്ധ്യപ്പെടുത്താനാണ് സർക്കാർ തീരുമാനം.

നേരത്തേ, ഫീസ്‌നിർണയിക്കാൻ കോളേജുകൾ നൽകിയ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.

''ഫീസ് അന്യായമായി കൂട്ടാനാവില്ല. രേഖകൾ പരിശോധിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു സമിതി തീരുമാനമെടുക്കും. ഇക്കാര്യത്തിൽ കുട്ടികൾക്ക് ആശങ്ക വേണ്ട ''

-ആരോഗ്യമന്ത്രിയുടെ ഓഫീസ്

''ഈ ഫീസിൽ പഠിപ്പിക്കാനാവില്ല. 11ലക്ഷമെങ്കിലും കിട്ടണം. കോളേജുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്''

-ഡോ. കെ.എം. നവാസ്