വെള്ളറട: വെള്ളറട പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്രുമുട്ടി നാലുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. കൂതാളി വാർഡിലെ ലൈഫ് ഭവന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയായിരുന്ന കോൺഗ്രസ് അംഗങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരിയെ യൂത്ത് കോൺഗ്രസുകാർ ആക്രമിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഏറ്റുമുട്ടുകയായിരുന്നു. ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ സമരക്കാരുടെ കസേരകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത ശേഷം കല്ലെറിഞ്ഞെന്നാണ് കോൺഗ്രസിന്റെ പരാതി. തുടർന്ന് വെള്ളറട എസ്.ഐ സതീഷ് ശേഖറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ലാത്തിവീശുകയായിരുന്നു. കല്ലേറിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് പരിക്കേറ്റു. തുടർന്ന് പ്രവർത്തകരെ നേതാക്കൾ ഇടപെട്ട് മാറ്റുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, വെള്ളറട സി.ഐ എം. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വൈകിട്ടോടെ ഇരുകൂട്ടരുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചെന്ന് സി.ഐ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചെന്ന പരാതിയിൽ 12ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മർദ്ദനമേറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചെന്ന കോൺഗ്രസ് അംഗങ്ങളുടെ പരാതിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കതിരെ കേസെടുത്തു. സംഘർഷം അവസാനിച്ചതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകരും പഞ്ചായത്ത് ഓഫീസ് പടിക്കൽ സമരവുമായെത്തി. പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡന്റ് ബിജു വി. നായർ ഉദ്ഘാടനം ചെയ്‌തു. പാറശാല മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ, വൈസ് പ്രസിഡന്റ് വെള്ളറട മണികണ്ഠൻ, സുരേന്ദ്രൻ, പത്മകുമാർ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.