തിരുവനന്തപുരം: തുണിക്കടകൾ ഒന്നിലധികം നിലകളുള്ളതിനും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 10 വയസിന് താഴെയുള്ള കുട്ടികളുമായി ഷോപ്പിംഗിന് പോകുന്നത് ഒഴിവാക്കണം. തുണികളുടെ മൊത്ത വ്യാപാര കടകൾക്കും പ്രവർത്തിക്കാം.

സ്കൂൾ തുറക്കുന്നതുവരെ ട്യൂഷൻ സെന്ററുകൾക്ക് പ്രവർത്തിക്കാനനുമതിയില്ല. ഓൺലൈൻ ക്ലാസുകളാവാം. തട്ടുകടകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വിദ്യാഭ്യാസവകുപ്പ് പരീക്ഷയ്ക്ക് ബസുകൾ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കും.

ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടലുണ്ടാകും.

എയ്ഡ്സ് ബാധിതരുടെ പെൻഷൻ മുടങ്ങുന്നത് പരിഹരിക്കാൻ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഉടൻ ഇടപെടണം. ഫോട്ടോ എടുക്കാൻ സ്റ്റുഡിയോകൾക്ക് പ്രവർത്തിക്കാം.

ഡൽഹി ട്രെയിൻ ഇന്ന്

കേരളത്തിലേക്കുള്ള പ്രത്യേക നോൺ എ.സി ട്രെയിൻ ഡൽഹിയിൽ നിന്ന് ഇന്ന് വൈകിട്ട് പുറപ്പെടും. 1304 പേരുടെ പട്ടികയായി. 971 പേർ ഡൽഹിയിൽ നിന്നും 333 പേർ യു.പി, ജമ്മുകാശ്മീർ, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുമാണ്. ബംഗളൂരുവിൽ നിന്ന് നാളെ മുതൽ ദിവസേന നോൺ എ.സി ചെയർകാർ ട്രെയിൻ ഉണ്ടാകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥസംഘം സന്ദർശിച്ച് ക്ഷേമകാര്യങ്ങൾ അന്വേഷിക്കും. നാടുകളിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാം.

പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പൊലീസ് ടാസ്ക് ഫോഴ്സിന്റെ ചുമതല ദക്ഷിണമേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് നൽകി. മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പാസ് ഇൻ ദ മാസ്ക് എന്ന കാമ്പെയിൻ പുതുമകളോടെ തുടരും. സംസ്ഥാനത്ത് ഇന്നലെ മാസ്ക് ധരിക്കാത്ത 2036ഉം ക്വാറന്റൈൻ ലംഘനത്തിന് 14ഉം കേസുകളെടുത്തു.

പ്രവാസി പരീക്ഷാകേന്ദ്രങ്ങൾ

ഗൾഫ്നാടുകളിലെ പ്രവാസി വിദ്യാർത്ഥികൾക്ക് നീറ്റ് അടക്കമുള്ള പ്രവേശനപരീക്ഷയെഴുതാൻ യാത്രാവിലക്ക് കാരണം പ്രയാസമുള്ള സാഹചര്യത്തിൽ കൂടുതൽ മലയാളികളുള്ള യു.എ.ഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും പരീക്ഷാകേന്ദ്രങ്ങൾ തുറക്കണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ജൂലായ് 26നാണ് നീറ്റ് പരീക്ഷ. യാത്രാവിലക്ക് കാരണം ഇങ്ങോട്ടെത്തി പരീക്ഷയെഴുതുക പ്രയാസമാകും.