വെള്ളറട: ശക്തമായ കാറ്റിൽ മലയോരത്തെ നൂറുകണക്കിന് റബർ മരങ്ങളും വാഴകളും മറ്റു വൃക്ഷങ്ങളും കടപുഴകി വീണു. പലസ്ഥലങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. നഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ചു വരുന്നതേയുള്ളു. വെള്ളറട അമ്പൂരി കുന്നത്തുകാൽ, ആര്യങ്കോട്, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലാണ് കൃഷി നാശമുള്ളത്. വീടുകളുടെ മുകളിൽ വൃക്ഷങ്ങൾ കടപുഴകി വീണ് കേടുപാടുകൾ സംഭവിച്ചു. തമിഴ്നാട് അതിർത്തിയായ നെട്ട, ശങ്കരൻ കടവ്, വൈകുണ്ഡം തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടം മേഖലയിൽ വ്യാപകമായി റബർ മരങ്ങൾ കടപുഴകി വീണു. ശക്തമായ കാറ്റ് ഇപ്പോഴും തുടരുകയാണ്. പാട്ടത്തിന് സ്ഥലമെടുത്ത് വാഴകൃഷിയിറക്കിയ കർഷകരുടെ കുലയ്ക്കാറായ വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഇതുകാരണം കർഷകർക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.