mask
മാസ്ക്ക്

തിരുവനന്തപുരം: ബസ് സർവീസുകൾ ഇന്ന് പുനരാരംഭിക്കുമ്പോൾ, മാസ്ക് ധരിക്കാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇവർക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് ജില്ലയിലെ ബസ് സർവീസുകൾ. ബസ്സ്റ്റാൻഡുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ബസ്, ആട്ടോ- ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാരും ഡ്രൈവർമാരും സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. നഗരത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 75പേർക്കെതിരെ ഇന്നലെ കേസെടുത്തു. അന്യസംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നുമെത്തി തലസ്ഥാനത്ത് ഹോംക്വാറന്റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം പൊലീസ് ശക്തമാക്കി. ഓരോ സ്​റ്റേഷനിലെയും എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ ജനമൈത്രി സി.ആർ.ഒമാരും ബീ​റ്റ് ഓഫീസർമാരും മ​റ്റു പൊലീസ് ഉദ്യോഗസ്ഥരും ഹോം ക്വാറന്റൈനിൽ കഴിയുന്നവരെ ദിവസേന അവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ, എന്ന് പരിശോധിക്കും. റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സഹായവും പൊലീസ് പ്രയോജനപ്പെടുത്തുമെന്നും കമ്മിഷണർ പറഞ്ഞു.