തിരുവനന്തപുരം: ഇന്നുമുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിത്തുടങ്ങുമെങ്കിലും ഭൂരിഭാഗം സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. നഷ്ടം നികത്താൻ നിരക്ക് വർദ്ധന പ്രാപ്തമല്ലെന്നും ബസുകൾ ഓടിക്കില്ലെന്നും ഒരുവിഭാഗം ബസുടമകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ബസുകൾ ഓടിക്കാനും തുടർന്നുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ സർക്കാരിനെ ബോധ്യപ്പെടുത്താനുമാണ് മറുവിഭാഗത്തിന്റെ തീരുമാനം.
സംസ്ഥാനത്ത് 12,000 സ്വകാര്യബസുകളുണ്ട്. പകുതിയും രണ്ട് ജില്ലകളിലായി ഓടുന്നവയാണ്. അനുമതിയുള്ളത് ജില്ലയ്ക്കുള്ളിലെ സർവീസിനു മാത്രമായതിനാൽ ഇവ നിരത്തിലിറങ്ങാനിടയില്ല. ഫിറ്റ്‌നസ് പരിശോധനയ്ക്ക് കാലാവധി നീട്ടിനൽകുക, ക്ഷേമനിധി അടയ്ക്കുന്നതിൽ ഇളവ് നൽകുക, ഡീസലിന് ചുമത്തുന്ന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ ഉന്നയിക്കുന്നത്. സാഹചര്യം മനസിലാക്കി ബസുടമകൾ സഹകരിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.