h

പാറശാല: പാസ് ഇല്ലാതെ തമിഴ്നാട്ടിൽ നിന്നും കാൽനടയായി എത്തിയ ഒമ്പതംഗ മലയാളി സംഘത്തെ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. ഇവരെ പരിശോധിച്ച ശേഷം കേരളത്തിലേക്ക് കയറ്റിവിട്ടു. കൊട്ടാരക്കര സ്വദേശികളാണ് നാഗർകോവിലിൽ നിന്നും കാൽനടയായി എത്തിയത്. യാത്രാ പാസ് ഇല്ലാതെ അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇവർ ഇഞ്ചിവിള ചെക്പോസ്റ്റിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിൽ ഹാജരാകാതെ ദേശീയപാതയിലൂടെ നടക്കുമ്പോഴാണ് അമരവിള ചെക്ക് പോസ്റ്റിൽ പിടിയിലായത്. സംശയം തോന്നിയ എക്സൈസ് സി.ഐ ചോദ്യം ചെയ്‌തപ്പോഴാണ് പാസില്ലെന്ന് അറിഞ്ഞത്. തുടർന്ന് ഇവരെ പ്രത്യേക വാഹനത്തിൽ കയറ്റി ഇഞ്ചിവിളയിലെത്തിച്ചു. പാസെടുത്ത് പരിശോധന നടത്തിയ ഒമ്പത് പേരെയും ഹോം ക്വാറന്റൈനിൽ തുടരാൻ നിർദ്ദേശിക്കുകയുമായിരുന്നു. പ്രത്യേക വാഹനത്തിൽ കയറ്റിയാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. മാസങ്ങളായി നാഗർകോവിൽ കീരിപ്പാറയിലെ ഗ്രാമ്പൂ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇവർ പാസ് ലഭിക്കാത്തതിനെ തുടർന്നാണ് കാൽനട യാത്ര ആരംഭിച്ചത്.