pic

തിരുവനന്തപുരം: മദ്യ വിൽപ്പനക്കുള്ള ആപ്പ് വൈകുമെന്ന് എക്സൈസ് വൃത്തങ്ങൾ. ഗൂഗിളിന്‍റെ വെരിഫേക്കേഷൻ ലഭിച്ച ശേഷമെ വിൽപ്പന സംബന്ധിച്ച് ട്രയൽ റൺ നടത്താൻ കഴിയുകയുള്ളൂ. ഇതിനു ശേഷം മാത്രമെ ഉപഭോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയു. നിലവിലുള്ള സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുന്നത് ശനിയാഴ്ചയാകുമെന്നാണ് എക്സൈസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മദ്യം വാങ്ങാനായി ആപ്പിലേക്ക് പ്രവേശിച്ചാൽ ആദ്യം ജില്ല തിരഞ്ഞെടുക്കണം. തുടർന്ന് മദ്യം ബുക്ക് ചെയ്യുന്ന ആൾക്ക് ഏത് സ്ഥലത്താണോ മദ്യം വാങ്ങേണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തിരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിന്‍റെ പരിധിയിൽ ഔട്ട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.

കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് വികസിപ്പിച്ച മൊബൈൽ ആപ്പ് വഴിയാണ് മദ്യ വിതരണം നടത്തുക. സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങളാണ് ആപ്പിൽ സജ്ജമാക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യം.