ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാലവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോൾ ഒഡിഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയെത്തിയിരിക്കുകയാണ് ചുഴലിക്കാറ്റ്. ഒഡിഷ തീരത്ത് കനത്ത മഴയും കാറ്റുമാണ്. ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.
നാവിക സേനയുടെ വിദഗ്ദ്ധ സംഘം കൊൽക്കത്തയിൽ എത്തി. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ശ്രമിക് ട്രെയിനുകൾ റദാക്കി. കൊൽക്കത്ത തുറമുഖത്ത് ചരക്ക് നീക്കം നിർത്തയിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടൽക്ഷോഭവും രൂക്ഷമാകും. പശ്ചിമ ബംഗാളിൽ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാൻ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.