po

കാസർകോട്: തലപ്പാടി അതിർത്തിയിലൂടെ കൊവിഡ് ബാധിതരായ ആളുകൾ കടന്നുപോയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇപ്പോഴും ഡ്യൂട്ടിയിൽ തുടരുന്നു.കൊവിഡ് ഹോട്ട്സ്പോട്ടുകളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നടക്കം നിത്യവും നിരവധി പേരാണ് തലപ്പാടി ചെക്പോസ്റ്റുവഴി കേരളത്തിലെത്തുന്നത്. ഇതിൽ ചിലർക്ക് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

അതിർത്തിയിൽ എത്തുന്നവരുടെ രേഖകൾ പരിശോധിക്കുന്ന എല്ലാഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിന്റെ മാനദണ്ഡമനുസരിച്ച് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. എന്നാൽ ഇവരിൽ ഒരാളെപ്പോലും നിരീക്ഷണത്തിലാക്കിയിട്ടില്ല. പൊലീസുകാരുൾപ്പെടെയുള്ളവർ പരിശോധനയ്ക്കായി സ്രവം കൊടുത്ത് നേരെ ഡ്യൂട്ടിയ്ക്ക് കയറേണ്ടിവരുന്ന അവസ്ഥയിലാണ്.

അമ്പത് പൊലീസുകാരാണ് അതിർത്തിയിൽ രേഖകൾ പരിശോധിക്കുന്നിടത്ത് രണ്ട് ഷിഫ്റ്റുകളിലായി ജോലിനോക്കുന്നത്. തുടർച്ചയായി 24 മണിക്കൂർ ജോലി ചെയ്താൽ 24 മണിക്കൂർ വിശ്രമം ലഭിക്കും. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായി സ്റ്റേഷനുകളിലും ക്യാമ്പുകളിലും പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.