മുംബയ്: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തില്‍ നിന്ന് വൈറസ് പകരില്ലെന്ന് മുംബയ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോര്‍പ്പറേഷന്‍ പറയുന്നത്. കൊവിഡ് 19 ബാധിച്ച് മരിച്ചവരെ ബാന്ദ്ര കബര്‍സ്ഥാനില്‍ ഖബറടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കുകയായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.
അതേസമയം ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യുന്നതെന്നും അധികൃതര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ജസ്റ്റിസ് ദിപങ്കര്‍ മെഹ്ത്തയുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ബ്രാന്ദ സ്വദേശിയായ പ്രദീപ് ഗാന്ധി എന്നയാളുടെ നേതൃത്വത്തിലാണ് ബാന്ദ്രയില്‍ അടക്കം ചെയ്യുന്നതിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് രോഗികളുടെ മൃതദേഹം നിര്‍ദ്ദേശങ്ങള്‍ പാലിച്ചല്ല മറവുചെയ്യുന്നതെങ്കില്‍ സാമൂഹ്യവ്യാപനചത്തിന് കാരണമായേക്കുമെന്ന ആശങ്ക ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. എബോള, കോളറ തുടങ്ങിയ പനിയൊഴികെയുള്ള കേസുകളില്‍ മൃതദേഹങ്ങളില്‍ നിന്ന് സാധാരണയായി വൈറസ് വ്യാപനമുണ്ടാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ഇതുവരെ മൃതദേഹത്തില്‍ നിന്ന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ഹര്‍ജിക്കാരുടെ വാദം ശാസ്ത്രീയ അടിത്തറ ഇല്ലാത്തതാണെന്നും സത്യവാങ്മൂലത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നു.