saudi-

റിയാദ്: വീട്ടു ജോലിക്കെത്തി മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനുള്ള അനുമതി സൗദി സർക്കാർ എടുത്തു കളഞ്ഞു. ഗാർഹിക തൊഴിലുകളായ ഹൗസ് ഡ്രൈവർ, വീട്ടു ജോലി എന്നിവർക്ക് ഏഴു വർഷങ്ങൾക്ക് മുമ്പ് നിറുത്തി വച്ച നടപടികൾ ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് തൊഴിൽ മന്ത്രാലയം പുനഃരാരംഭിച്ചിരുന്നത്. അതാണ് ഇപ്പോൾ നിറുത്തലാക്കിയത്.

സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാൻ ആഗ്രഹിക്കുന്ന ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുതുക്കരുതെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ബാധകമാക്കിയിരുന്നു. ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമല്ലെന്നതിനാൽ ഇത്തരത്തിൽ വർഷത്തിലധികം കാലയളവിൽ ഇഖാമ പുതുക്കി കഫാലത് മാറുന്നത് ഒഴിവാക്കാനായിരുന്നു തീരുമാനം.

2019 ഏപ്രിൽ 30 നു മുമ്പ് സ്ഥാപിച്ച ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് നേരത്തെ അഞ്ചു വർഷത്തേക്ക് ലെവി ഇളവ് അനുവദിച്ചിരുന്നു. ഒമ്പതിൽ കൂടുതൽ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു വിദേശ തൊഴിലാളികളെയാണ് സ്ഥാപനം ആരംഭിച്ചതു മുതൽ അഞ്ചു വർഷത്തേക്ക് നിബന്ധനകൾ അടിസ്ഥാനമാക്കി ലെവിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്.

ഒമ്പതിൽ കൂടുതൽ ജീവനക്കാരില്ലാത്ത സ്ഥാപനങ്ങളിലെ രണ്ടു വിദേശ തൊഴിലാളികൾക്ക് മൂന്നു വർഷത്തേക്ക് ലെവി ഇളവ് അനുവദിക്കാനാണ് പുതിയ തീരുമാനം.