ദുബായ്: കൊവിഡ് പ്രതിരോധത്തില്‍ യു.എ.ഇയെ പിന്തുണയ്ക്കാന്‍ മലയാളി ആരോഗ്യ സംഘം യു.എ.ഇയിലെത്തി. ഡോക്ടര്‍മാര്‍ നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, എന്നിവരടങ്ങുന്ന 105 അംഗ സംഘമാണ് അബുദാബിയിലെത്തിയത്. കൊച്ചിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തിലാണ് ഇവരെത്തിയത്. വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പാണ് കൊവിജ് ചികിത്സയില്‍ യു.എ.ഇയ്ക്ക് സഹായമായി ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ എത്തിച്ചത്.
ഇന്ത്യയുടെയും യു.എഇയുടെയും ദേശീയ പതാകകള്‍ കൈകളിലേന്തിയാണ് സംഘം വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. നിറഞ്ഞ കൈയടികളോടെ യു.എ.ഇ അധികൃതര്‍ സംഘത്തെ സ്വീകരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം തെളിയിക്കുന്ന സംഭവമാണിതെന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പ്രതികരിച്ചു.
കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നിന്ന് 88 അംഗ ആരോഗ്യ സംഘം യു.എ.ഇ യില്‍ എത്തിയിരുന്നു .രോഗ പ്രതിരോധത്തിന് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വേണമെന്ന് യു.എ.ഇ അഭ്യര്‍ത്ഥിച്ചിരുന്നു.