-poverty

വാഷിം​ഗ്‌ടൺ: കൊവിഡ് മഹാമാരി 60 മില്യൺ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. കൊവി‍ഡിനെ നേരിടാൻ 100 വികസ്വര രാജ്യങ്ങൾക്ക് 160 ബില്യൺ ഡോളർ അടിയന്തര സഹായവും ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി വിവിധ രാജ്യങ്ങൾ ദാരിദ്ര്യനിർമ്മാർജ്ജനത്തിനായി ഇന്നോളം ചെയ്തുവന്ന അനവധി പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണ് കൊവിഡ് മഹാമാരി എന്നും ലോകബാങ്ക് പറയുന്നു.

ദരിദ്രരാജ്യങ്ങളിലെ ആരോ​ഗ്യ സംവിധാനങ്ങൾ, സാമൂഹ്യ സേവനം, സമ്പദ് വ്യവസ്ഥ എന്നിവയക്കായി ഇതുവരെ 5.5 ബില്യൺ ഡോളറാണ് ലോകബാങ്ക് ചെലവഴിച്ചത്. എന്നാൽ ലോകബാങ്ക് സഹായം കൊണ്ട് മാത്രം വികസ്വര രാജ്യങ്ങൾക്ക് നിലനിൽക്കാൻ സാധിക്കില്ലെന്നും ലോകത്താകെ ഏകദേശം അഞ്ച് മില്യൺ ജനങ്ങളാണ് വൈറസ് ബാധിതരായിരിക്കുന്നതെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

ലോകജനസംഖ്യയുടെ 70 ശതമാനവും ഉൾക്കൊള്ളുന്ന നൂറ് രാജ്യങ്ങൾക്കാണ് ലോകബാങ്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങൾക്കും അഫ്‌ഗാനിസ്ഥാൻ, ഹൈതി പോലുള്ള യുദ്ധ സാഹചര്യമുള്ള രാജ്യങ്ങൾക്കുമാണ് സഹായം.