pic

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമബംഗാള്‍. ഇന്ന് ഉച്ചയോടെ ബംഗാളില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ഒരുക്കി സ്ഥിതി ഗതികള്‍ വിലയിരുത്തി വരികയാണ്.അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തുന്നത് മോശം കാലാവസ്ഥയിലേക്കാണെന്നതില്‍ താന്‍ ആശങ്കപ്പെടുന്നുവെന്നും ചുഴലിക്കാറ്റ് കാരണം ട്രെയിനുകള്‍ വ്യാഴാഴ്ച വരെ ബംഗാളിലേക്ക് എത്തില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി സംസാരിച്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

പ്രകൃതി ശാന്തമാകുന്നതുവരെ ആരും തിരിച്ച് തീരങ്ങള്‍ക്ക് സമീപമുള്ള വീടുകളിലേക്ക് മടങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബറില്‍ ബംഗാളില്‍ ആഞ്ഞടിച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഴിപ്പിച്ചതിന്‍റെ മൂന്നിരട്ടിയാളുകളെ ഉംപുണിന്‍റെ മുന്നോടിയായി ഒഴിപ്പിച്ചു. കൊവിഡ് വ്യാപന സമയത്തുള്ള മാറ്റിപ്പാര്‍പ്പിക്കല്‍ സംസ്ഥാനത്തിന് കടുത്ത വെല്ലുവിളിയാവുകയാണ്. ഒരേ സമയം സാമൂഹിക അകലവും പ്രകൃതിക്ഷോഭത്തില്‍നിന്നുള്ള സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്.