ന്യൂഡൽഹി: രാജ്യത്തെ ആറ് നഗരങ്ങളെ ഫൈവ് സ്റ്റാർ മാലിന്യരഹിത നഗരങ്ങളായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിലെ അംബികാപൂർ, മദ്ധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ രാജ്‌ക്കോട്ട്, സൂറത്ത്, കർണാടകയിലെ മൈസൂർ, മഹാരാഷ്ട്രയുടെ നവി മുംബയ് എന്നീ നഗരങ്ങൾക്കാണ് ഫൈവ് സ്റ്റാർ മാലിന്യരഹിത നഗരമെന്ന പദവിനൽകിയത്. ഇന്ത്യയിലെ 141 നഗരങ്ങളെയാണ് മാലിന്യരഹിത നഗരമെന്ന പദവിയിലേക്ക് പരിഗണിച്ചത്. കേരളത്തിൽ നിന്നുള്ള നഗരങ്ങളും അതിലുണ്ടായിരുന്നെങ്കിലും പട്ടികയിൽ എത്തിച്ചേരാനായില്ല.
ആറ് നഗരങ്ങൾക്ക് ഫൈവ് സ്റ്റാറും 65 നഗരങ്ങൾക്ക് ത്രീ സ്റ്റാറും 70 നഗരങ്ങൾക്ക് വൺ സ്റ്റാറും ലഭിച്ചു.ആന്ധ്രാപ്രദേശിലെ തിരുപ്പതി, വിജയവാഡ എന്നീ നഗരങ്ങൾക്കും ഗുജറാത്തിലെ അഹമ്മദാബാദിനുമെല്ലാം ത്രീസ്റ്റാറും ഹരിയാനയിലെ ഗ്വാളിയാർ, ഗുജറാത്തിലെ വഡോദര എന്നീ നഗരങ്ങൾക്ക് വൺ സ്റ്റാറുമാണ് നൽകിയിട്ടുള്ളത്. കൊവിഡിനെതിരെ പോരാടാൻ സ്വച്ഛ്ഭാരത് പദ്ധതി കൂടുതൽ ശക്തി തരുന്നുണ്ടെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയാണ് മാലിന്യരഹിത നഗരങ്ങളുടെ പ്രഖ്യാപനം നടത്തിയത്.